ആലപ്പുഴ: അനധികൃതമായി ആരംഭിച്ച ചെമ്മീന്‍ പീലിംഗ് ഷെഡില്‍ നിന്ന് പല്ലനയാറിന്റെ കൈവഴിയായ തോട്ടിലേയ്ക്ക് മാലിന്യം നിക്ഷേപിക്കുന്നു. പുറക്കാട് പഞ്ചായത്തില്‍ കൃഷ്ണന്‍ചിറയില്‍ പ്രവര്‍ത്തനം ആരംഭിച്ച ചെമ്മീന്‍ പീലിംഗ് ഷെഡാണ് ചെമ്മീന്‍തോക്ക ഉള്‍പ്പെടെ പല്ലനയാറ്റില്‍ നിക്ഷേപിക്കുന്നത്. 

കാലങ്ങളായി ഈ തോടിന്റെ തീരത്ത് താമസിക്കുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ ഉള്‍പ്പെടെ നിര്‍വ്വഹിക്കുവാന്‍ ആശ്രയിക്കുന്നത് ഈ തോട്ടിലെ വെള്ളമാണ്. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങള്‍ ഈ തോടിന്റെ തീരത്ത് താമസിക്കുന്നുണ്ട്. പല്ലനയാറ് മുതല്‍ തകഴിയാറ് വരെയുള്ള പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ആറ്റിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. 

തുടരെയുള്ള മാലിന്യ നിക്ഷേപംമൂലം തോട്ടിലെ വെള്ളം മാലിന്യം കുമിഞ്ഞുകൂടി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്്. സമീപവാസികള്‍ രൂക്ഷമായ ദുര്‍ഗന്ധം മൂലം ദുരിതം അനുഭവിക്കുകയാണ്. കോളനി പോലെ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിലും പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിലും പരാതികൊടുത്തിരുന്നു. 

എന്നാല്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് പീലിംഗ് ഷെഡ് ഇപ്പോഴും പ്രവര്‍ത്തനം തുടരുകയാണ്. മാലിന്യപ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശം സാംക്രമികരോഗങ്ങളുടെ പിടിയിലാണെന്നും അധികൃതര്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ പരാതിപ്പെട്ടു.