ദില്ലി: വായു മലിനീകരണവും പുകമഞ്ഞും കുഴയ്ക്കുന്ന രാജ്യ തലസ്ഥാനത്തു ജനങ്ങള്‍ക്ക് തിരിച്ചടിയായി കുടിവെള്ളത്തിന് വില ഉയര്‍ത്തുന്നു. ആദ്യത്തെ 20000 ലിറ്ററിന് ശേഷം വിലയില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അധ്യക്ഷനായ ദില്ലി ജല വകുപ്പിന്റെ യോഗത്തിലാണ് തീരുമാനം.
20,000 ലിറ്റര്‍ വരെ ഇപ്പോഴുള്ളതുപോലെ വെള്ളം സൗജന്യമായിരിക്കും. വില കൂടുന്നത് 20000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ്. ഓരോ വീട്ടിലും ആദ്യ 20000 ലിറ്റര്‍ വെള്ളം സൗജന്യമായിരിക്കുമെന്ന് 2015 ല്‍, അധികാരത്തിലെത്തിയതോടെ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
പുതിയ തീരുമാനം അനുസരിച്ച് 20,000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ ഓരോ ആയിരം ലിറ്ററിനും സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ 219 രൂപ 62 പൈസയും മീറ്റര്‍ ചാര്‍ജ് ഇനത്തില്‍ 21 രൂപ 97 പൈസയും നല്‍കേണ്ടിവരും. 30000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ 293 രൂപയും 1000 ലിറ്ററിന് 36 രൂപ വീതം മീറ്റര്‍ ചാര്‍ജും നല്‍കണം.
ദില്ലിയിലെ ഒരു കുടുംബം ചുരുങ്ങിയത് 30,000 ലിറ്റര്‍ വെള്ളമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് ദില്ലി ജലബോര്‍ഡിന്റെ കണക്ക്. ഇതുപ്രകാരം ഏതാണ്ട് എല്ലാ കുടുംബങ്ങളെയും പുതിയ നിരക്കുവര്‍ദ്ധന പ്രതികൂലമായി ബാധിച്ചേക്കും.
കുടിവെള്ളത്തിനൊപ്പം ശുചീകരണ സേവനത്തിന്റെ നിരക്കും 20 ശതമാനം കൂട്ടി. കുടിവെള്ളത്തിനും വൈദ്യുതിക്കും നിരക്ക് കൂട്ടിയത് ചോദ്യം ചെയ്തുള്ള സമരത്തിലൂടെയാണ് ആദംആദ് മി പാര്‍ടി ദില്ലിയില്‍ സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയത്. കുടിവെള്ളത്തിന് വില കൂട്ടാനുള്ള തീരുമാനത്തിനെതിരെ ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
