പണം നൽകി കേസൊതുക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയില്ല. മൊഴിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു

വയനാട്: വയനാട് പീഡനക്കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്രതി ജോര്‍ജിനെ കുറിച്ച് വിവരം നല്‍കിയിട്ടും പിടികൂടുന്നില്ലെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. പണം നൽകി കേസൊതുക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയില്ല. മൊഴിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രതിയെ പിടിച്ചില്ലെങ്കിൽ സ്റ്റേഷന് മുന്നിൽ നിരാഹാരം തുടങ്ങുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. 

തുമ്പൊന്നും കിട്ടാത്തതിനാലാണ് പ്രതിയെ പിടികൂടാത്തതെന്നാണ് പൊലീസിന്‍റെ പ്രതികരണം. ഒളിവില്‍ കഴിയുന്ന പ്രതി ഒ എം ജോര്‍ജ് വീട്ടിലെത്തുന്നുണ്ടോ എന്നറിയാണ് അയാളുടെ വീട്ടില്‍ പോകുന്നതെന്നും ബന്ധുക്കളുടെ ആരോപണത്തോട് പൊലീസ് പ്രതികരിച്ചു. 

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളോടൊപ്പം ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന പെണ്‍കുട്ടിയാണ് നിരന്തര പീഡനത്തിനിരയായിരിക്കുന്നത്. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.