ഞങ്ങള്‍ക്ക് ഒരിക്കലും മാവോയിസ്റ്റുകളാകാനാകില്ലെന്ന ടൈറ്റിലില്‍ നദീറിന്‍റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2015 ആഗസ്റ്റ് 30ന് നദീര്‍ തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സായുധ വിപ്ലവത്തിലൂടെ നിലനില്‍ക്കുന്ന വ്യവസ്തിയെ ചോദ്യം ചെയ്ത്, എതിരാളികളെയെല്ലാം ഇല്ലായ്മ ചെയ്ത് പുതിയൊരു സമത്വ സുന്ദര ഭൂമി നിര്‍മ്മിക്കുക എന്നതാണ് മാവോയിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യം, ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗം വിജയിക്കണമെങ്കില്‍ നിരവധി പേര്‍ കൊല്ലപ്പെടേണ്ടി വന്നേക്കും, ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഇത്തരത്തിലൊരു പകല്‍സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുക? എന്നാണ് നദീര്‍ തന്റെ കുറിപ്പിലൂടെ ചോദിച്ചത്.

പരിസ്ഥിതിയ്ക്കും മനുഷ്യാവകാശത്തിനും തങ്ങളുടെ ആശയത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് വാദിക്കുന്നവര്‍ സായുധ വിപ്ലവം നടത്തിയാല്‍ അതിന്റെ അന്ത്യം പരിസ്ഥിതിയെയും മനുഷ്യ ജീവിതത്തെയും നാശമാക്കാതെയാകുമൊ? ചുരുക്കി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ സായുധവിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം ഏറ്റെടുത്താല്‍ അധികം വൈകാതെ അവരും ഭരണകൂടമായി മാറേണ്ടി വരുമെന്നു സാരം.

ജാതി ഉള്‍പ്പെടെയുള്ള അതി സംഘീര്‍ണ്ണമായ വിഭാഗീകരണങ്ങള്‍ക്കു വിധേയമായിട്ടുള്ള ഒരു സമൂഹത്തില്‍ മാറ്റത്തിന്റെ ചാലക ശക്തി ആകുവാന്‍ സാമ്പത്തിക വിഭാകീകരണം മാത്രം അവലംഭിച്ച് രൂപപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യയശാസ്ത്രത്തിന് എങ്ങനെയാണ് കഴിയുക? 21ാം നൂറ്റാണ്ടിലെ ഈ ഇന്റലക്ച്വല്‍ ബഫൂണിസത്തോട് നവരാഷ്ട്രീയത്തിലേയ്ക്ക അടുത്തുകൊണ്ടിരിക്കുന്ന, നൈതികതയില്‍ ഊന്നിക്കൊണ്ട്, രാഷ്ട്രീയപക്ഷം ചേര്‍ന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ഐക്യപ്പെടുകയോ ഒക്കെ ചെയ്യുന്ന യുവത്വത്തെ തുല്യം ചേര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ബോധപൂര്‍വ്വം മറ്റൊരു അടിച്ചമര്‍ത്തല്‍ തന്ത്രത്തിന്റെ ഭാഗമായി മാത്രമാണ്.

 മാവോയിസം ഒരു പൊളിടിക്കല്‍ ടൂള്‍ എന്ന നിലയില്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല ഭരണകൂടവും പ്രയോജനപ്പെടുത്തുന്ന ഈയവസരത്തില്‍ എന്താണു മാവോയിസമെന്നും മാവോയിസത്തിന്റെ ഭാവി സാധ്യതകളെന്താണെന്നുള്ളതും രാഷ്ട്രീയമായി പ്രശ്‌നവത്കരിക്കപ്പെടേണ്ടതുണ്ടെന്നും നദീര്‍ 2015ല്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം