എന്‍ഡിടിവി മേധാവി പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലിന് മറുപടിയുമായി സിബിഐ. ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയെ പത്ര സ്വാതന്ത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടെന്ന് സിബിഐ വക്താവ് ആര്‍ കെ ഗൗര്‍. ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് സിബിഐയുടെ പ്രതികരണവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ വിമര്‍ശനത്തിനാണ് സിബിഐയുടെ മറുപടി. 2011 മുതല്‍ എന്‍ഡിടിവിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളെ കുറിച്ച് മുഖപ്രസംഗത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖപ്രസംഗം തികച്ചും ഏകപക്ഷീയമാണെന്നും ആര്‍ കെ ഗൗര്‍ പറയുന്നു. പത്രസ്വാന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട ആവശ്യമില്ല. ഇന്ത്യയില്‍ ശക്തവും സ്വതന്ത്രവുമായ നിയമസംവിധാനം നിലനില്‍ക്കുന്നുണ്ട്. ആരോപണ വിധേയര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കോടതിയെ സമീപിക്കാം. വൈവിധ്യമാര്‍ന്ന സംസ്‌കാരവും ജനാധിപത്യമൂല്യങ്ങളുമാണ് ഇന്ത്യയെ നയിക്കുന്നതെന്നും ഗൗര്‍ പറയുന്നു.

പ്രണോയ് റോയിയുടെ ഡല്‍ഹിയിലെ വസതിയിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഐസിഐസിഐ ബാങ്കിന് 42 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് പ്രണോയ് റോയിക്കെതിരെയുള്ള കേസ്.