ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്തുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് സുരക്ഷാ കവാടത്തിന്  നേര്‍ക്ക് കാര്‍ അതിവേഗം ഇരച്ചുകയറിയത്. 

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മുന്നിലെ സുരക്ഷാ കവാടത്തിനു നേര്‍ക്ക് കാര്‍ പാഞ്ഞുകയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാഞ്ഞെത്തിയ കാറിടിച്ച് രണ്ട് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാള്‍ അറസ്റ്റിലായി. പിടിയിലായ ഡ്രൈവര്‍ക്ക് ഭീകര ബന്ധമുണ്ടെന്നാണ് സൂചന. മണിക്കൂറുകള്‍ക്ക് മുമ്പ് പാര്‍ലമെന്റിനു പുറത്തുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് സുരക്ഷാ കവാടത്തിന് നേര്‍ക്ക് കാര്‍ അതിവേഗം ഇരച്ചുകയറിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഉടന്‍ തന്നെ കാര്‍ വലയം ചെയ്ത സുരക്ഷാ സൈനികര്‍ കാര്‍ ഡ്രൈവറെ പിടികൂടി. ഇയാളുടെ പശ്ചാത്തലവും മാനസിക നിലയും പരിശോധിച്ചു വരികയാണ്. അതിനിടെയാണ്, ഇയാള്‍ക്കെതിരെ ഭീകരതാ കുറ്റം ചുമത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ട്യൂബ് സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് സ്‌ക്വയര്‍, വിക്‌ടോറിയ ടവര്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള കാര്‍ ആണ് ഇടിച്ചു കയറിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ ഭീകരവിരുദ്ധ സെല്ലാണ് സംഭവം അന്വേഷിക്കുന്നത്.