തിരുവനന്തപുരം: നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദലിന്റ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് മെഡിക്കൽ ബോർഡ്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിതാ പുരോഗതി വിലയിരുത്തി. ന്യൂമോണിയ കൂടിയത് ആരോഗ്യനില വഷളാക്കിയതായി ഡോക്ടർമാർ പ്രതികരിച്ചു. 

മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേദൽ ജിൻസൻ രാജ വെൻറിലേററിൻറെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. കേദലിന്റെ ആരോഗ്യനില വിലയിരുത്താനായി ഏഴു വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി മെഡിക്കൽ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 

കേദലിന് വിദഗ്ദ ചികിത്സ നൽകി വരുകയാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളില്‍ കേദലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അപസ്മാരത്തെ തുടര്‍ന്നു ഭക്ഷണം ശ്വാസനാളത്തില്‍ കയറിയതാണു പ്രശ്നമായതെന്നാണ് കരുതുന്നത്. ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയാണു ജിൻസൻ. 

ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.‌ മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണു പൊലീസ് പറയുന്നത്. 

കേസില്‍ കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഒടുവിലായി ഇയാൾ പൊലീസിനോടു പറഞ്ഞത്.