കൊൽക്കത്ത: വിശാല പ്രതിപക്ഷ മഹാസഖ്യം ലക്ഷ്യമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച  ഐക്യറാലി പടുകൂറ്റൻ ശക്തിപ്രകടനമായി. കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന സമ്മേളനത്തിൽ ഇരുപതിലേറെ ദേശീയനേതാക്കൾ അണിനിരന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയിൽ നിന്ന് വിട്ടുപോന്ന മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, അരുൺ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‍രിവാൾ, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി റാലിയെ അഭിസംബോധന ചെയ്തത്. രാജ്യത്തെ എല്ലാ സംവിധാനങ്ങളേയും നരേന്ദ്രമോദി തകർത്തുകളഞ്ഞു എന്ന് അവർ ആരോപിച്ചു. ബാങ്കിംഗ് മേഖലയെ മോദി നശിപ്പിച്ചു. പതിനഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുതരുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനേയും സിബിഐയേയും അപമാനിച്ചു. അവയുടെ വിശ്വാസ്യത ഇല്ലാതാക്കി. നോട്ടു നിരോധനം മുതൽ ജിഎസ്‍ടി വരെ പല വഴി ഉപയോഗിച്ച് മോദി സർക്കാർ രാജ്യത്തെ കൊള്ളയടിച്ചു. രാജ്യത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും രാജ്യത്തിന്‍റെ ഭരണഘടനയും മോദി സർക്കാർ തിരുത്താൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. 

രാഷ്ട്രീയത്തിൽ ചില ലക്ഷ്‍മണരേഖകളുണ്ട്. അതെല്ലാം ലംഘിച്ച നേതാവാണ് നരേന്ദ്രമോദി. അദ്ദേഹം സംശുദ്ധനാണെന്ന് അദ്ദേഹം തന്നെയാണ് പറയുന്നത്. പക്ഷേ എത്ര അഴിമതികളാണ് മോദി സർക്കാർ നടത്തിയത്?  കാലാവധി കഴിഞ്ഞ മരുന്ന് പോലെയാണ് ഇന്നത്തെ മോദി. രാജ്യത്തെ തൊഴിലവസരങ്ങൾ മുഴുവൻ ഇല്ലാതാക്കിയ മോദി സർക്കാർ ഇപ്പോൾ സംവരണം തരാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. കലാപങ്ങളുണ്ടാക്കുക മാത്രമാണ് ബിജെപിയുടെ പരിപാടി. എഴുപത് വർഷം കൊണ്ട് പാകിസ്ഥാന് കഴിയാത്ത നാശനഷ്ടങ്ങൾ നാലുവർഷം കൊണ്ട് രാജ്യത്തിന് ഉണ്ടാക്കാൻ മോദി സർക്കാരിനായി എന്നായിരുന്നു മമതയുടെ പരിഹാസം.

പ്രതിപക്ഷ സഖ്യത്തിന്‍റെ റാലിയെ കാലത്തിന്‍റെ ആവശ്യമെന്നാണ് മമത ബാനർജി വിശേഷിപ്പിച്ചത്. മോദി സർക്കാരിന്‍റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ആര് പ്രധാന മന്ത്രി ആവുക എന്നതല്ല, ബിജെപിയെ പുറത്താക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ ലക്ഷ്യം. ആരാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ നേതാവ് എന്ന് ചോദിച്ചേക്കും. ബിജെപിയെ പോലെ നേതാക്കൾക്ക് വിലയില്ലാത്ത പക്ഷമല്ല തങ്ങളുടേതെന്നും തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും മമത ബാനർജി പറഞ്ഞു.

'പരസ്യക്കാരനായ പ്രധാനമന്ത്രി' എന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്. ജനതയുടെ അവകാശങ്ങൾ കവർന്നെടുത്ത ഭരണകൂടമാണ് നരേന്ദ്രമോദിയുടേതെന്ന് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കള്ളങ്ങളുടെ ഫാക്ടറിയും വിതരണക്കാരനുമാണ് മോദിയെന്നായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ വിശേഷണം.  തെറ്റിദ്ധരിപ്പിക്കാനായി അദ്ദേഹം ബംഗാളിലേക്കും വരുന്നു എന്ന് കേട്ടു. മോദിയെ വിശ്വസിക്കരുതെന്ന് ബംഗാളിലുള്ള ബീഹാറികളോട് തേജസ്വി യാദവ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ സംരക്ഷിക്കാനാണ് റാലിയുടെ ഭാഗമായതെന്ന് മുൻ ബിജെപി നേതാവും ബിജെപി സർക്കാരിൽ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ പറഞ്ഞു. രാജ്യത്തിന്‍റെ തകരുന്ന സാമ്പത്തിക രംഗം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന്  യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു. മുൻ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും ആയിരുന്ന അരുൺ ഷൂരി, ശത്രുഘ്നൻ സിൻഹ എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.

അപകടകരമായ ഈ കേന്ദ്രസ‍ർക്കാരിനെ എന്ത് വില കൊടുത്തും പുറത്താക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പാട്ടീദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരും റാലിയിൽ പങ്കെടുത്തു. ചരിത്രത്തിൽ മുമ്പ് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കള്ളൻമാരുടെ യന്ത്രങ്ങളാണെന്നാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആരോപിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിലേക്ക് മടങ്ങണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.  

മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുൻ ഖർഗെയും അഭിഷേക് സിംഗ്‍വിയും പങ്കെടുത്തു. റാലിയിൽ നിന്ന് വിട്ടുനിന്ന മായാവതി ബിഎസ്‍പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു. ഇടതുപക്ഷ പാര്‍ട്ടികളും ടിആര്‍എസ്, അണ്ണാ ഡിഎംകെ, ബിജെഡി എന്നീ കക്ഷികളും വിട്ടുനിന്നു.