വാശിയേറിയ ഒരു പോരാട്ടം നടക്കുമ്പോള്‍, പന്തിനു പിന്നാലെ കാലുകള്‍ പായുമ്പോള്‍, കളിക്കളത്തിന് പുറത്ത് കാണികള്‍ പിന്തുടര്‍ന്ന മുഖം

കളത്തില്‍ പോളണ്ടും സെനഗലും നിറഞ്ഞ് കളിക്കുന്നു. വാശിയേറിയ ചുവടുവയ്പുകള്‍, ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും മാത്രം നിമിഷങ്ങള്‍. ഇടയ്ക്ക് അക്ഷമനായ ഒരാളുടെ മുഖം സ്‌ക്രീനില്‍. ലോക്ക് ചെയ്ത നീണ്ട മുടിക്കൂട്ടങ്ങള്‍ വിറപ്പിച്ച് തല കുലുക്കി ഇരുണ്ട മുഖത്തുനിന്ന് തീ ചീറ്റിക്കുന്ന കണ്ണുകളുമായി ഒരാള്‍. സെനഗലിന്റെ കോച്ച്. കളി കണ്ടുകൊണ്ടിരുന്ന ഓരോ ശരാശരി കാഴ്ചക്കാരനും ചോദിച്ചു ആരാണ് സെനഗലിന്റെ കോച്ച്

പോളണ്ടിന്റെ സെള്‍ഫ് ഗോളോടുകൂടി 2018 റഷ്യന്‍ ലോകകപ്പില്‍ ഭാഗ്യം സെനഗലിനൊപ്പം നിന്നു. പോളിഷ് പ്രതിരോധ നിരയുടെ പിഴവിലൂടെ അറുപതാം മിനുറ്റില്‍ നിയാങിന്റെ ഗോളോടെ ജയത്തിലേക്ക് കയറിയപ്പോള്‍ ആഹ്ലാദത്തിന് പകരം ആവേശം എരിയുന്ന അയാളുടെ മുഖം. രൂപത്തിന്റെ പ്രത്യേകതയ്ക്ക് പുറത്ത് കരുത്തിന്റെ കാറ്റ് വീശുന്ന ചലനങ്ങള്‍

എവിടെയേ കണ്ടു പരിചയിച്ച ആ മുഖത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ഓര്‍ത്തെടുത്തു. 2002 ലോകകപ്പില്‍ അട്ടിമറിയില്‍ ഫ്രാന്‍സിനെ തകര്‍ത്ത  സെനഗലിന്റെ നായകന്‍. അലിയോ സിസേ. തകര്‍ക്കാനാകാത്ത പ്രതിരോധങ്ങള്‍ തീര്‍ത്ത് കളിക്കളത്തില്‍ വിവാദങ്ങളുടെ ഗോളടിച്ച് കൂട്ടിയവന്‍.

ഒരുകാലത്ത് സ്വയം ഡെര്‍ട്ടി പ്ലെയറെന്നായിരുന്നു അലിയോ സ്വയം വിശേഷിപ്പിച്ചിരുന്നത് പോലും. ദേശീയ ടീമിനു പുറമേ ക്ലബ് ഫുട്‌ബോളായിരുന്നു അലിയോയുടെ തട്ടകം. തിളക്കം മങ്ങിയ കരിയര്‍ മുപ്പത്തിരണ്ടാം വയസ്സില്‍ അവസാനിപ്പിച്ചു.

നാല്‍പത്തി രണ്ടാം വയസ്സില്‍ ടൂര്‍ണമെന്റിലെ ഏക കറുത്ത വംശജനായ കോച്ചായി റഷ്യന്‍  ലോകകപ്പിലേക്ക് തിരിച്ചുവരുമ്പോള്‍ അലിയോ വീണ്ടും ചരിത്രം മാറ്റിയെഴുതിയ നിമിഷങ്ങളുടെ ഉടമയാകുന്നു. നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് പന്ത് തട്ടാനെത്തുന്ന ആഫ്രിക്കന്‍ രാജ്യമായി സെനഗല്‍. കാറ്റിന്റെ വേഗതയോടെ കളിക്കാര്‍ മുന്നേറുമ്പോള്‍ കളത്തിനു പുറത്തുനിന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന അലിയോയുടെ മുഖം കാഴ്ചക്കാരി പതിഞ്ഞിരിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഒരു സ്റ്റൈല്‍ ഐക്കണായും അലിയോ മാറിക്കഴിഞ്ഞിരിക്കുന്നു. സെനഗല്‍ -പോളണ്ട് പോരാട്ടം കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടമായി കണ്ടവരോട് അലിയോയ്ക്ക് പറയാനുള്ളത് നേരത്തേ പറഞ്ഞുകഴിഞ്ഞു.

ഞങ്ങള്‍ മികവിലാണ് വിശ്വസിക്കുന്നത്. നിറത്തെച്ചൊല്ലി ഞങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ല, ഒരിക്കല്‍ ഏതങ്കിലുമൊരു ആഫ്രിക്കന്‍ രാജ്യം കപ്പ് നേടുക തന്നെ ചെചയ്യും.