ജയ്പൂര്‍: അമ്മയെയും മാതൃരാജ്യത്തെയും സംരക്ഷിക്കുന്നവർക്ക് സ്വർഗം ലഭിക്കുമെന്ന പ്രസ്താവനയുമായി കരസേന മേധാവി ബിപിൻ റാവത്ത്. അമ്മയെയും മാതൃരാജ്യത്തെയും സേവിക്കുന്നത് ഒരുപോലെയാണെന്നും എല്ലാവർക്കും അവരെ സേവിക്കാനുള്ള ഭാഗ്യമുണ്ടാകില്ലെന്നും ബിപിൻ റാവത്ത് പറഞ്ഞു. അബു റോഡിലെ ബ്രഹ്മകുമാരീസ് ആത്മീയ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമ്മയെയും മാതൃരാജ്യത്തെയും സ്നേഹിക്കുന്നവർക്ക് സ്വർഗം ലഭിക്കും. ഭീകരതയും നക്സലിസത്തിനുമെതിരെ പോരാടാൻ സൈനികർ എപ്പോഴും സന്നദ്ധതരായിരിക്കണമെന്നും ബിപിൻ റാവത്ത് പറഞ്ഞു. രാജ്യത്ത് സമാധാനവും ശാന്തിയും സ്ഥാപിക്കുന്നതിന് ബ്രഹ്മകുമാരീസും സൈന്യവും ഒരുമിച്ച് പ്രവർത്തിക്കണം. ഇരുവരും സമാധാനത്തിന്റെ സന്ദേശം രാജ്യത്ത് പ്രചരിപ്പിക്കണമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു. പരിപാടിയ്ക്കുശേഷം സംഘടന തലവൻ രാജയോഗിനി ദാദി ജാനകിയെ കണ്ടാണ് ബിപിൻ റാവത്ത് മടങ്ങിയത്.