തിരുവനന്തപുരം: വിഎം സുധീരന്റ രാജിക്ക് ശേഷം പിന്‍ഗാമിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ സജീവം. സ്ഥിരം പ്രസിഡന്റ് ഉടനുണ്ടാകുമോ അതോ താല്‍ക്കാലികമായി ആ‌ര്‍ക്കെങ്കിലും ചുമതല നല്‍കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. രാജിയുടെ ഞെട്ടല്‍മാറും മുമ്പേ പകരക്കാരനായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ കൊഴുക്കുകയാണ്.

പ്രതിപക്ഷനേതാവ് ഐ ഗ്രൂപ്പായതിനാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം കീഴ്വഴക്കമനുസരിച്ച് എയുടെ അക്കൗണ്ടിലാണ്. പദവികളില്ലാതെ തുടരുന്ന ഉമ്മന്‍ചാണ്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്ന എ ഗ്രൂപ്പുകാരുണ്ട്. എന്നാല്‍ ഒരു സ്ഥാനവുമേറ്റെടുക്കില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നു. വി.ഡി.സതീശന്‍, കെ.മുരളീധരന്‍, കെ.സി.വേണുഗോപാല്‍, പി.ടി. തോമസ്, കെവി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി പേരുകള്‍ നിരവധി ഉയരുന്നു.

ഗ്രൂപ്പ്, സാമുദായിക പരിഗണനകള്‍ക്കപ്പുറത്തുള്ള തീരുമാനങ്ങളാണ് അടുത്തിടെ ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്നത്. ഡിസിസി പ്രസിഡന്റ് നിയമനത്തോടെ പാര്‍ട്ടിയോട് അകന്നുകഴിയുന്ന് ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും വിശ്വാസത്തിലെടുത്തായിരിക്കും ഹൈക്കമാന്‍ഡിന്റെ നിയമനമെന്നുറപ്പ്. പ്രസിഡന്റിനെ കെട്ടിയിറക്കി സംസ്ഥാനത്ത് സംഘടനയെ വീണ്ടും ദുര്‍ബലമാക്കാന്‍ നേതൃത്വം ആഗ്രഹിക്കില്ല.

യുപിയിലെ കനത്ത തോല്‍വിയോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാണ്. പ്രാദേശിക നേതൃത്വത്തിന്റെ വാക്കുകളെ പൂര്‍ണ്ണമായും ഇനി തള്ളാനുമാകില്ല. വിദേശത്തുള്ള സോണിയാ ഗാന്ധി മടങ്ങിയെത്തിയ ശേഷമായിരിക്കും ചര്‍ച്ചകള്‍ തുടങ്ങുക. രാജി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് സുധീരന്‍ സന്ദര്‍ശകരെയെല്ലാം ഒഴിവാക്കി വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. ആരോഗ്യപ്രശ്നത്തിനപ്പുറം യുപി ഫലത്തിന് ശേഷമുള്ള പിസിസി അഴിച്ചുപണി നീക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പും കൂടി മുന്നില്‍ കണ്ട് സുധീരന്‍ ഒരു മുഴം മുമ്പെ എറിഞ്ഞതാണെന്ന് എ-ഐ ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നു.