Asianet News MalayalamAsianet News Malayalam

ചെെത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തത് എന്തിന്?

പൊലീസ് സ്റ്റേഷൻ അക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ തേടിയാണ് ചൈത്ര തേരസ ജോണ്‍ സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന

why dcp chaithra theresa john raided cpim district commitee office
Author
Thiruvananthapuram, First Published Jan 26, 2019, 12:31 PM IST

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഡിസിപി ചൈത്ര തേരസ ജോണിനോട് വിശദീകരണം തേടിയത്. തൊട്ട് പിന്നാലെ ഡിസിപിയുടെ അധിക സ്ഥാനം വഹിക്കുകയായിരുന്ന ചൈത്ര തല്‍സ്ഥാനം ഒഴിഞ്ഞു.

ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന ഡിസിപി ആര്‍ ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതിനെ കുറിച്ച് പല തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

പൊലീസ് സ്റ്റേഷൻ അക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ തേടിയാണ് ചൈത്ര തേരസ ജോണ്‍ സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എന്നാല്‍, ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞത്. കുട്ടികള്‍ക്കെതിരായ ലെെംഗിക പീഡനത്തിന് എതിരായ പോക്സോ നിയമപ്രകാരം അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവെെഎഫ്ഐ സംഘത്തിന്‍റെ സ്റ്റേഷന്‍ ആക്രമണം.

കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ചൈത്ര സിപിഎം ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ.

വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പല തലങ്ങളില്‍ നിന്ന് സമ്മര്‍ദങ്ങള്‍ വന്നെങ്കിലും റെയ്ഡ് നടത്താതെ മടങ്ങാന്‍ ആകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ചൈത്ര തേരസ ജോൺ.

നേരത്തെ, എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു.

കൂടാതെ, ബിജെപിയുടെയും ശബരിമല ക‍ർമസമിതിയുടെയും ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ ചൈത്ര തേരസ ജോൺ കുറ്റക്കാർക്കെതിരെ കർശന നടപടിയാണെടുത്തത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. 

Follow Us:
Download App:
  • android
  • ios