മുംബൈ: പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളുടെ പേരിടുന്നതിന് എതിരെ ബോളിവുഡ് താരം റിഷി കപൂര്‍. അത്തരം സ്ഥാപനങ്ങളുടെ പേരു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ അക്ബര്‍ റോഡിന് മഹാറാണ പ്രതാപ് റോഡ് എന്ന് പേരിടണമെന്ന കേന്ദ്ര മന്ത്രി വി.കെ.സിങ്ങിന്റെ നിര്‍ദേശം വിവാദമായതിനു പിന്നാലെയാണ് റിഷി കപൂര്‍ ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ പ്രധാനപ്പെട്ട സ്വത്തുക്കള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുടെ പേരിടണമെന്ന് റിഷി കപൂര്‍ ട്വീറ്റ് ചെയ്തു. ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് എന്തുകൊണ്ട് മഹാത്മ ഗാന്ധിയുടെ പേര് നല്‍കിയില്ല? അതിന് ഭഗത് സിങ്ങിന്റെയോ അംബേദ്ക്കറിന്റെയോ പേരിടാത്തത് എന്തു കൊണ്ടാണ്? അല്ലെങ്കില്‍ തന്റെ പേര് നല്‍കാമായിരുന്നെന്നും റിഷി കപൂര്‍ പരിഹസിച്ചു.
റോഡുകളുടെ പേരുകള്‍ മാറ്റാമെങ്കില്‍ കോണ്‍ഗ്രസ് കുടുംബാംഗങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്ന ഇന്ത്യയുടെ പ്രധാന സ്ഥാപനങ്ങളുടേയും സ്വത്തുക്കളുടേയും പേരുകള്‍ മാറ്റണമെന്നും റിഷി കപൂര്‍ വാദിക്കുന്നു. തന്റെ പിതാവും രാജ്യത്തിന് അഭിമാനിക്കാവുന്ന ഒട്ടനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും റിഷി കപൂര്‍ പറയുന്നു.
അക്ബര്‍ റോഡിന്റെ പേര് മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് വി.കെ.സിങ്ങിനോട് ആവശ്യപ്പെട്ടത് എന്നാണ് സൂചന. 16ാം നൂറ്റാണ്ടില്‍ മുകള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ മുന്നേറ്റങ്ങള്‍ തടയുന്നതില്‍ മുന്നില്‍ നിന്ന മേവാര്‍ ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപിന്റെ പേരിടണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്.
