പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശിയായ ജിഷോ വര്‍ക്കി വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ കോടഞ്ചേരി പാറമലയിലെ ഭാര്യാവീട്ടില്‍ വെച്ചാണ് മരിച്ചത്. ഷോക്കേറ്റാണ് അപകടം സംഭവിച്ചെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും താടിയിലും മുറിവേറ്റിരുന്നു. ഇതേ തുടര്‍ന്ന് താമരശ്ശേരി സി.ഐ. ടി.എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജിഷോ വര്‍ക്കിയുടെ ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. ജിഷോയുടെ ഭാര്യ ഷീന, ഷീനയുടെ പിതാവ് പാറമല കണ്ടത്തില്‍ ജോസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മദ്യപിച്ചെത്തുന്ന ജിഷോ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തി ജിഷോ ബഹളം വെക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതുകണ്ട ജോസും പ്രശ്‌നത്തില്‍ ഇടപെട്ടു. പിടിവലിക്കിടെ കത്തി കയ്യിലെടുത്ത ജിഷോയെ തടയാനെത്തിയ ഷീനയുടെ മാതാവ് മേരിക്ക് പരിക്കേറ്റു. ഇതിനിടെ അടുക്കളയില്‍ വീണ ജിഷോയുടെ കഴുത്തില്‍ ജോസ് തോര്‍ത്തുമുണ്ടിട്ട് മുറുക്കുകയായിരുന്നു. മരണം ഉറപ്പാക്കാനായി ഷോക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ വീട്ടില്‍ വളര്‍ത്തിയ നായയെ ഇത്തരത്തില്‍ ഷോക്കടിപ്പിച്ച് കൊന്നിരുന്നതായും ജോസ് പോലീസിന് മൊഴി നല്‍കി.
ഷോക്കേറ്റതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുറിയിലെ സ്വിച്ച് ബോര്‍ഡ് അഴിച്ചിടുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രസന്നന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘവും സൈന്റിഫിക് ഓഫീസര്‍ റിനി തോമസ്, വിരലടയാള വിദഗ്ദര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ജോസിനെ വീട്ടിലെത്തിച്ച് തെളിവെടുത്ത പോലീസ് കഴുത്തില്‍ മുറുക്കിയ തോര്‍ത്ത് മുണ്ട് ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ജിഷോയുടെ ബന്ധുക്കള്‍ ആരോപിച്ചു.
