പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. വാലിപ്പറമ്പ് സ്വദേശി പഴനിയാണ്ടിയാണ്(60) മരിച്ചത്. സംഭവത്തിൽ ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന പഴനിയാണ്ടിയെ ഭാര്യ സരസ്വതി കഴുത്തിലും തലയിലും വെട്ടിപ്പരിക്കേൽപ്പിച്ചു. പഴനിയാണ്ടിയുടെ നിലവിളി കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന മക്കൾ ഓടിയെത്തി. ഉടൻ നാട്ടുകാരുടെ സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയോടിയ സരസ്വതിയെ സമീപപ്രദേശത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലുള്ള സരസ്വതി പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകുന്നത്. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുവെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിരളടയാള വിദഗ്ധ‍ർ സ്ഥലത്തെത്തി പരിശോധന നടത്തി.