കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പയ്യാവൂര്‍ സ്വദേശി ആനിയും കാമുകന്‍ വെമ്പുവ സ്വദേശി ജോബിയുമാണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് പയ്യാവൂര്‍ പാറക്കടവ് സ്വദേശി ബാബുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണുന്നത്. 

താന്‍ പുറത്തുപോയി വരുമ്പോള്‍ വീടിനുള്ളില്‍ ഭര്‍ത്താവ് ബോധമറ്റ് കിടന്നെന്ന് ആനി നാട്ടുകാരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ബാബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യം നിഗമനം. എന്നാല്‍ ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. 

തുടര്‍ന്നാണ് ബാബുവിന്റെ ഭാര്യ ആനിയെ ശ്രീകണ്ഠാപുരം സിഐ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് ചോദ്യംചെയ്യലില്‍ ആനിയുടെ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളായിരുന്നു. പിടിച്ചുനില്‍ക്കാനാകാതെ ഒടുവില്‍ പൊലീസിനോട് ആനി യഥാര്‍ത്ഥ സംഭവങ്ങള്‍ ഓരോന്നായി ആനി വെളുപ്പെടുത്തി. മാസങ്ങളായി ആനിയും ജോബിയും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. വിവാഹിതനായ ജോബിയുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയ ബാബു ഇക്കാര്യം ആനിയോട് ചോദിക്കുകയും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. 

തുടര്‍ന്നാണ് കാമുകനുമൊത്ത് സുഖമായി ജീവിക്കാന്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ആനി തീരുമാനിച്ചത്. അതിന് കാമുകനുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബാബുവിനെ ഇരുവരും ചേര്‍ന്ന് ബലമായി കട്ടലിലില്‍ കിടത്തിയ ശേഷം കഴുത്തില്‍ തോര്‍ത്ത് കൊണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത്.

 ഇരുവരുടെയും വിരളടയാളങ്ങളും സംഭവം നടന്ന വീടിനുള്ളില്‍ നിന്ന് പൊലീസിന് കിട്ടി. ആനിയുടെ അറസ്റ്റ് മാത്രമാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയ. ഇവരെ വൈകീട്ടോടെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനു ശേഷം ജോബിയുടെ അറസ്റ്റ് രേഖപ്പെടുത്തുനാണ് പൊലീസിന്റെ തീരുമാനം.,