ഹോര്‍ട്ടികോര്‍പ്പിന് വിഷപച്ചക്കറി വിതരണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കുമെന്ന് ചെയര്‍മാന്‍ വിനയന്‍ പറഞ്ഞു. വിഷപച്ചക്കറിയിലൂടെ കൊള്ളലാഭം കൊയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകള്‍ നവീകരിക്കുമെന്നും വിനയന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്ത് നിന്നുള്ള കര്‍ഷകരുടെ പച്ചക്കറി സംഭരിച്ച് ന്യായവിലയ്ക്ക് വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പ് രൂപീകരിച്ചത്. എന്നാല്‍ വിഷമയമായ പച്ചക്കറി ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചാണ് ഹോര്‍ട്ടികോര്‍പ്പിന്റെ നിലവിലെ വില്‍പ്പന. ഇത് അവസാനിപ്പിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരാണ് വിഷപച്ചക്കറി വില്‍പ്പനയിലൂടെ കൊള്ളലാഭം കൊയ്യുന്നത്. ഇതവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി പച്ചക്കറി സംഭരിക്കും
സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള സംവിധാനം മെച്ചപ്പെടുത്തും. ജില്ലതോറും പച്ചക്കറി ശീതീകരിച്ച് സംഭരിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സഹായത്തിനായി ശ്രമിക്കും. നിലവിലെ സ്റ്റാളുകള്‍ നവീകരിച്ചും കൂടുതല്‍ സ്റ്റാളുകള്‍ തുറന്നും ഹോര്‍ട്ടികോര്‍പ്പിന്റെ മുഖച്ഛായ മാറ്റുമെന്നും വിനയന്‍ വ്യക്തമാക്കി.
