തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കമെന്നാണ് ചരിത്രം ഈ പ്രളയത്തെ അടയാളപ്പെടുത്തിയത്. ​റോ‍ഡുകളും റെയിൽപ്പാതകളും ഒഴുകിപ്പോയ, അഞ്ചലോട്ടക്കാർ സന്ദേശമെത്തിച്ചിരുന്ന, ഇന്നത്തേക്കാൾ ജനനസംഖ്യ വളരെ കുറവായിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി അടയാളപ്പെടുന്ന 99'ലെ വെള്ളപ്പൊക്കത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്...


പ്രളയമെടുത്ത കേരളത്തെ കര കയറ്റാനും താങ്ങി നിർത്താനും ലോകം മുഴുവനും കൈ കോർത്ത് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്കൊപ്പം ഒരുപക്ഷേ അതിനേക്കാൾ ശക്തമായി നവമാധ്യമങ്ങളും കൂടെയുണ്ട്. വാട്ട്സ് ആപ്പും ഫേസ്ബുക്കും മൊബൈലും കംപ്യൂട്ടറും ഇന്റർനെറ്റും ബോട്ടുകളും ഹെലികോപ്റ്ററും തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട് ഇന്നത്തെ ഈ പ്രളയത്തെ പ്രതിരോധിക്കാൻ. എന്നാൽ ഇതൊന്നുമില്ലാതിരുന്ന ഒരു കാലത്ത് ഇതിനേക്കാൾ ഭീകരമായൊരു വെള്ളപ്പൊക്കം നമ്മെ കടന്നുപോയിട്ടുണ്ട്. 1924 ലെ വെള്ളപ്പൊക്കം. ഒരു വർഷവും ഒരു മാസവും കൊണ്ടാണ് ഈ പ്രളയത്തിന്റെ കെടുതികളെ കുറച്ചെങ്കിലും അതിജീവിക്കാൻ നമുക്ക് സാധിച്ചത്.

തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കമെന്നാണ് ചരിത്രം ഈ പ്രളയത്തെ അടയാളപ്പെടുത്തിയത്. ​റോ‍ഡുകളും റെയിൽപ്പാതകളും ഒഴുകിപ്പോയ, അഞ്ചലോട്ടക്കാർ സന്ദേശമെത്തിച്ചിരുന്ന, ഇന്നത്തേക്കാൾ ജനനസംഖ്യ വളരെ കുറവായിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. അന്ന് ബ്രിട്ടീഷുകാരാണ് മലബാർ ഭരിച്ചിരുന്നത്. ജോൺ ആൻഡേഴ്സൺ തോറൺ ആയിരുന്നു അന്നത്തെ കളക്ടർ. ഇദ്ദേഹവും മദ്രാസ് ​ഗവർണറായിരുന്ന വിസ്ക്കൗണ്ട് ​ഗോഷനും ചേർന്നാണ് അന്നത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

ഇന്നത്തെപ്പോലെയല്ല, കാലിൽ മണികെട്ടിയോടുന്ന അഞ്ചലോട്ടക്കാരായിരുന്നു അന്നത്തെ സന്ദേശവാഹകർ. കളക്ടർ നൽകുന്ന റിപ്പോർട്ടുകളുമായി ഓടിയും നടന്നു തോണികളിൽ യാത്ര ചെയ്തും ദിവസങ്ങൾ കൊണ്ടായിരിക്കും ഇവർ കത്തുകളും മറ്റും യഥാസ്ഥലത്ത് എത്തിക്കുക. ചിലപ്പോൾ ഇവയൊന്നും കൃത്യസമയത്ത് എത്തിയില്ലെന്നും വരാം. മറ്റൊരു സംവിധാനം കമ്പിയടിച്ച് അറിയിക്കുക എന്നാണ്. ഈ കത്ത് എപ്പോൾ ലഭിക്കുമെന്ന് അറിയില്ല എന്നായിരിക്കും മിക്ക കത്തുകളുടെയും തുടക്കം. ദുരിതമേഖലകളെക്കുറിച്ചുള്ള റിപ്പോർട്ടുകളായിരിക്കും ഈ കത്തിനൊപ്പം കൊടുത്തുവിടുന്നത്.

ഈ റിപ്പോർട്ടുകളിൽ പെയ്ത മഴയുടെ അളവ് കളം തിരിച്ച് പേനകൊണ്ടെഴുതി രേഖപ്പെടുത്തും. ഓരോ ദിവസവും പെയ്ത മഴയുടെ കണക്ക് ഇഞ്ചായിട്ടാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ മഴ പെയ്ത ജില്ലയും സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ടാകും. മഴ തുടങ്ങി ഒന്നരമാസത്തിന് ശേഷമാണ് ദുരിതത്തിന് കുറച്ചെങ്കിലും ശമനമുണ്ടാകുന്നത്. കോഴിക്കോട്, കോട്ടയം, തൃശൂർ, വയനാട് മൂന്നാർ തുടങ്ങി നിരവധി ജില്ലകൾ പ്രളയത്തിൽ മുങ്ങിപ്പോയി. 

ഇന്ന് കേരളം നേരിടുന്ന പ്രളയത്തിന് ദുരിതാശ്വാസമായി ചോദിച്ചത് രണ്ടായിരം കോടിയാണെങ്കിൽ അന്നത്തെ ദുരിതാശ്വാസ സഹായമായി കളക്ടർ ആവശ്യപ്പെട്ടത് 6500 രൂപയായിരുന്നു. അനുവദിച്ചത് 5000 രൂപ. പിന്നീട് അധികാരികൾ ​ഗൗരവം തിരിച്ചറിഞ്ഞ് ഇരുപതിനായിരം രൂപ പിന്നീട് നൽകി. ഓരോ താലൂക്കിനും വെവ്വേറെ ധനസഹായമാണ് നൽകിയത്. ചിറയ്ക്കൽ -14200 രൂപ, കോട്ടയം -3325, കുറുമ്പ്രനാട്-2510 , കോഴിക്കോട് -33971, ഏറനാട്-33,739, വള്ളുവനാട്-14069, പൊന്നാനി-34911, പാലക്കാട്-919, വയനാട്-750 എന്നിങ്ങനെ ആകെ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറ്റി മൂന്ന് രൂപയാണ് ധനസഹായമായി ലഭിച്ചത്.

നശിച്ചുപോയതിന്റെയൊന്നും കൃത്യമായ കണക്കുകൾ സൂക്ഷിക്കാൻ അധികാരികൾക്ക് സാധിച്ചില്ല. ഒലിച്ചുപോയ പാലങ്ങളും റോഡുകളും പുനർനിർമ്മിക്കുകയാണ് ആദ്യം ചെയ്തത്. പലയിടത്തു നിന്നും വന്നെത്തിയ മൃതദേഹങ്ങൾ പുഴയിൽ ഒഴുകി നടന്നു. നൂറ്കണക്കിന് ആളുകൾ മരിച്ചെന്നല്ലാതെ എത്രയെന്ന് കണക്ക് രേഖപ്പെടുത്താൻ സാധിച്ചില്ല. അതുപോലെ കൃഷിയിടങ്ങളും കന്നുകാലികളും ഒലിച്ചുപോയി. 

കടങ്ങൾ എഴുതിത്തള്ളിയും നികുതികൾ വെട്ടിക്കുറച്ചുമാണ് സർക്കാർ പ്രളയബാധിതരെ സഹായിച്ചത്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കർഷകരെയായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്തവരും കന്നുകാലികൾ നഷ്ടപ്പെട്ടവരും നിത്യവൃത്തിക്ക് പോലും മാർ​ഗമില്ലാത്തവരുമായ കൃഷിക്കാരെ സഹായിക്കണം എന്നായിരുന്നു കളക്ടർ തോറൺ കർഷകർക്ക് വേണ്ടി എഴുതിയത്. 2500 രൂപയാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ അനുവദിച്ചത്. 

97 പേജുകളുള്ള റിപ്പോർട്ടാണ് കേന്ദ്രത്തിന് സമർപ്പിച്ചത്. അതിൽ 59 പേജുകൾ പ്രളയ ദുരിതാശ്വാസത്തെക്കുറിച്ചായിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. അതിൽ 152 പേജുകളുള്ള രണ്ടാമത്തെ റിപ്പോർട്ടിൽ എന്തൊക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്തു എന്ന് വിവരിച്ചിരിക്കുന്നു. പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനം നൽകുന്നുണ്ട്. മൂന്നാം ഘട്ട റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് കടങ്ങളുടെ കണക്കെടുപ്പാണ്. കടങ്ങൾ എഴുതിത്തള്ളുക മാത്രമല്ല സർക്കാർ ചെയ്തത്. പുതിയ വാ്യപകൾ അനുവദിച്ചു. കർഷകരെ സഹായിക്കുന്നതായിരുന്നു പുതിയ വായ്പാ നയങ്ങൾ. 

കോഴിക്കോട് ജില്ലയിൽ മാത്രം 12 പേർ മരിക്കുകയും 3372 വീടുകൾ തകരുകയും ചെയ്തു. ആകെ 22000 വീടുകളാണ് തകർന്നത്. ഓരോ താലൂക്കിലും 3300 കന്നുകാലികളാണ് ചത്തൊടുങ്ങിയത്. ആനകൾ വരെ ഒലിച്ചുപോയ വെള്ളപ്പൊക്കമായിരുന്നു അത്. മലബാറിനെയാണ് ഏറ്റവും കൂടുതലായി ദുരിതം ബാധിച്ചത്. നാടുകാണി-പര്യ-താമരശ്ശേരി ചുരങ്ങൾ തകർന്നടിഞ്ഞു. കൃഷിയിടങ്ങളും വീടുകളും എക്കലും ചെളിയും നിറഞ്ഞു. കൊച്ചിയുമായി മലബാറിനെ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയി. അതോടെ മലബാർ ഒറ്റപ്പെട്ട അവസ്ഥയിലായി. 

ജനങ്ങൾ എല്ലാവരും ഒന്നിച്ചു നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. എങ്ങനെയെങ്കിലും ഈ ദ‌ുരിതത്തെ മറികടക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. അരിക്കച്ചവടക്കാർ അരി നൽകിയും സാമ്പത്തിക സഹായം നൽകിയും കൂടെ നിന്നു. ആര്യസമാജവും വൈ എംസിഎയും രാമകൃഷ്ണമിഷനും ദുരിതബാധിതർക്കൊപ്പം നിന്നു. അഞ്ഞൂറ് ചാക്ക് അരിയാണ് കോഴിക്കോട് ന​ഗരത്തിൽ ഒരു ദിവസം വേണ്ടി വന്നത്. പൂഴ്ത്തി വയ്പ് അനുവദിച്ചില്ല. സൂക്ഷിക്കാൻ സാധിക്കുന്ന സാധനങ്ങളുടെ അളവ് കൃത്യമായി പറഞ്ഞ് നടപ്പിലാക്കി. അതുകൊണ്ട് തന്നെ നാടിനെ പട്ടിണിയിൽ നിന്ന് കരകയറ്റാൻ ഒട്ടൊക്കെ സാധിച്ചു. കളക്ടറുടെ ഭാര്യയുൾപ്പെടെയുളളവർ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. മലബാർ കലാപത്തിനും വാ​ഗൺ ​ട്രാജഡിക്കും ശേഷം കേരളം കണ്ട ഏറ്റവും നലിയ ദുരന്തമായിരുന്നു ഇത്. നാട് മുഴുവൻ ഒറ്റക്കെട്ടായി നിന്ന് ഈ പ്രളയത്തെ മറികടന്നു.