ആഗ്ര : മന്ത്രവാദിനിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ 62 കാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു. വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന യുവതിയുടെ തലമുടി മുറിച്ചെന്നാരോപിച്ചാണ് മാന്‍ ദേവി എന്ന സ്ത്രീയെ നാട്ടുകാര്‍ അടിച്ചുകൊന്നത്. ബുധനാഴ്ച്ച രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനായി പ്രദേശത്തെ വിജനമായ ഒരു സ്ഥലത്ത് പോയി തിരിച്ച് വരുന്ന സമയത്തായിരുന്നു മാന്‍ ദേവിക്ക് നേരെ ആക്രമണമുണ്ടായത്. വെളുത്ത സാരി ധരിച്ച ഇവരെ കണ്ടയുടന്‍ നേരത്തെ മുടി നഷ്ട്പ്പെട്ട പെണ്‍കുട്ടി നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകളെ മയക്കിക്കിടത്തി മുടി മുറിച്ചതായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ ഇത്തരത്തില്‍ പെട്ട പതിനഞ്ചോളം കേസുകള്‍ വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെട്ടെന്ന് തങ്ങള്‍ ബോധരഹിതരായെന്നും പിന്നീട് ബോധം തെളിയുമ്പോള്‍ മുടി നഷ്ടപ്പെട്ടെന്നുമാണ് പരാതി നല്‍കിയവര്‍ പറയുന്നത്. പ്രേതങ്ങളുടെയും മന്ത്രവാദികളുടെയും പ്രവര്‍ത്തനങ്ങളാണിതെന്ന് വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. പലരും പ്രേതങ്ങളെ ഓടിക്കാനായി മറ്റ് വഴികളും സ്വീകരിക്കുന്നു.
എന്നാല്‍ സാമൂഹിക വിരുദ്ധരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ മറവില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.
