തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മന്നൂർകോണം ഒഴിവെറിഞ്ഞമൂല കെ.പി ഹൗസിൽ സുമേഷിന്‍റെ ഭാര്യ ഗീതുവാണ് മരിച്ചത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. 

യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന പാനലിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ രൂപം നല്‍കണം. ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടയില്‍ ശസ്ത്രക്രിയ ഉപകരണം വയറ്റിലിട്ട് തുന്നിയതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ഡോക്ടര്‍ തന്നെയാണ് ഗീതുവിനും ശസ്ത്രക്രിയ ചെയ്തത്. ഈ സംഭവത്തില്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ യുവതിയുടെ മരണത്തില്‍ വിശദമായ അന്വേഷണമാണ് കമ്മീഷന്‍ ആക്റ്റിങ്ങ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് ആവശ്യപ്പെട്ടിരിക്കുന്നത്.