കോഴിക്കോട്: കോഴിക്കോട് തെരുവ് പട്ടിയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. ഫറോക്കില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ ലക്ഷ്മിയാണ് മരിച്ചത്. മൃതദേഹം സംസ്‌ക്കരിച്ചു.
തമിഴ്‌നാട് സ്വദേശിയായ ലക്ഷ്മിക്ക് ഒന്നരമാസം മുമ്പ് കടത്തിണ്ണയില്‍ വെച്ചാണ് തെരുവ് പട്ടിയുടെ കടിയേറ്റത്. പേബാധയേറ്റ ലക്ഷ്മിയെ ആദ്യം ജനറല്‍ ആശുപത്രിയിലും ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് ലക്ഷ്മി മരിച്ചത്.
ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം മാവൂര്‍ റോഡിലെ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ലക്ഷ്മിയുമായി അടുത്തിടപഴകിയ ഭര്‍ത്താവും മക്കളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തില്‍ വെച്ച് എട്ടു പേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റിരുന്നു.
