കലിപൂണ്ട അങ്കുഷ്, കമല്‍ ജിത്തിനെ ജനലിലൂടെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

മുംബൈ: ഭാര്യമാതാവിനെ തള്ളിയിട്ട് കൊന്ന മരുമകന്‍ അറസ്റ്റില്‍. താനെയിലെ ഘോഡ്ബുണ്ടര്‍ റോഡിലുള്ള ബാലി സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം. 32കാരനായ അന്‍ഗുഷ് ദരാജ് ബാട്ടിയ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യാമാതാവ് കമല്‍ജിത്ത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ അങ്കുഷ് മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

മഹാരാഷ്ട്ര സ്വദേശിയായ അങ്കുഷ്, കമല്‍ജിത്ത് കൗറിന്റെ തന്നെക്കാള്‍ പ്രായമുള്ള മകളെ വിവാഹം കഴിക്കുകയായിരുന്നു. ബധിരയും മൂകയുമായ മകളെ കാണാനും ക്ഷേമം അന്വേഷിക്കാനും കമല്‍ജിത്ത് കൗര്‍ ഫ്ളാറ്റ് സന്ദര്‍ശിക്കുക പതിവായിരുന്നു. തിങ്കളാഴ്ച്ചയും പതിവുപോലെ കമല്‍ജിത്ത് എത്തിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അങ്കുഷ് മകളെ ഉപദ്രവിക്കുന്നതാണ് കണ്ടത്. മകളെ രക്ഷിക്കാനായി ഇവര്‍ അങ്കുഷിനെ തല്ലുകയും ചെയ്തു. തുടർന്ന് കലിപൂണ്ട അങ്കുഷ്, കമല്‍ ജിത്തിനെ ജനലിലൂടെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

വീഴ്ച്ചയുടെ ആഘാതത്തില്‍ കമല്‍ജിത്ത് ഉടൻ തന്നെ മരിച്ചു. സൊസൈറ്റിയിലുള്ളവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തന്നെ കമല്‍ജിത്തിനെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 302 വകുപ്പ്( കൊലക്കുറ്റം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.