ദില്ലി: 24 കാരിയുടെ മരണത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ ജസ്റാ ഗ്രാമത്തിലാണ് സംഭവം. ഇവരുടെ രണ്ടുവയസുകാരിയായ മകളുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടിലെത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം ഈ സമയം നിലത്ത് കിടക്കുകയായിരുന്നു. അയല്‍വാസികള്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി.

വീര എന്ന സ്ത്രീയാണ് മരിച്ചതെന്നും കുറ്റകൃത്യം നടന്ന അന്ന് മുതല്‍ യുവതിയുടെ ഭര്‍ത്താവ് അശോക് ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജൂനിയര്‍ എഞ്ചിനീയറാണ് അശോക്. ചുറ്റിക ഉപയോഗിച്ച് ഭാര്യ കൊലപ്പെടുത്തുകയായിരുന്നു അശോകെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.