ചൈനീസ് സർക്കാരിന്റെ ഡിറ്റൻഷൻ ക്യാംപിലായിരുന്നു ടൂർസെൻ. അതിക്രൂരമായ പീഡനമുറകളിലൂടെയാണ് ഈ യുവതിയ്ക്ക് കടന്നു പോകേണ്ടി വന്നത്. തല ഷേവ് ചെയ്യിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തു. നാലുദിവസം ഉറങ്ങാൻ സമ്മതിക്കാതെ ചോദ്യം ചെയ്തു. 

ചൈന: ചൈനയിലെ ഉയി​ഗൂർ മുസ്ലീമുകൾ നേരിടുന്ന അതിക്രൂര പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ചൈനീസ് യുവതി. ഉയി​ഗൂർ വംശജയായ മിഹൃ​ഗുൽ ടൂര്‍സുന്‍ ആണ് തനിക്ക് നേരിടേണ്ടി വന്ന ദുരന്താനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. യുഎസ്സിലെ വാഷിങ്ടണില്‍ നാഷണല്‍ പ്രസ് ക്ലബ്ബിലിരുന്നാണ് തന്‍റെ അനുഭവങ്ങളെക്കുറിച്ച് ഇവര്‍ തുറന്നു പറഞ്ഞത്.

ന്യൂനപക്ഷ വിഭാ​ഗങ്ങളെ ഇല്ലായ്മ ചെയ്ത് സമ്പൂർണ്ണ കമ്യൂണിസ്റ്റ് രാജ്യമാക്കാനുള്ള പദ്ധതിയാണ് ചൈനീസ് സർക്കാർ നടത്തുന്നത്. മതപരമായും ശാരീരികമായും വളരെയധികം പീഡനങ്ങളാണ് ഉയി​ഗൂർ മുസ്ലീമുകൾക്ക് സഹിക്കേണ്ടി വരുന്നതെന്ന് മനുഷ്യാവകാശ സംഘടനയും വിമർശനമുന്നയിച്ചു.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് മിഹൃ​ഗുൽ ടൂര്‍സുന്‍ താൻ അനുഭവിച്ച ദുരിത പീഡനങ്ങൾ തുറന്നു പറഞ്ഞത്. ചൈനീസ് സർക്കാരിന്റെ ഡിറ്റൻഷൻ ക്യാംപിലായിരുന്നു ടൂർസെൻ. അതിക്രൂരമായ പീഡനമുറകളിലൂടെയാണ് ഈ യുവതിയ്ക്ക് കടന്നു പോകേണ്ടി വന്നത്. തല ഷേവ് ചെയ്യിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തു. നാലുദിവസം ഉറങ്ങാൻ സമ്മതിക്കാതെ ചോദ്യം ചെയ്തു. കൂടാതെ അനാവശ്യമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയയാക്കി. താൻ ഉയി​ഗൂർ വംശജയായത് കൊണ്ടാണോ ഈ ദുരിതങ്ങൾ തന്നോട് ഇങ്ങനെ ചെയ്തതെന്നാണ് വിതുമ്പിക്കരഞ്ഞ് കൊണ്ട് ടൂര്‍സുന്‍ ചോദിക്കുന്നത്. 

ഒരു തടവറയ്ക്കുള്ളിൽ‌ അറുപത് പേരോളമാണ് തിങ്ങിനിറഞ്ഞ് ജീവിച്ചത്. മാത്രമല്ല, ബാത്റൂമിനുള്ളിൽ പോലും ക്യാമറയുണ്ടായിരുന്നു. അതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലായിരുന്നു. മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് പോലും വിലക്കുണ്ടായിരുന്നു. ഊഴമെടുത്തായിരുന്നു ഉറക്കം. കാരണം എല്ലാവര്‍ക്കും കിടന്നുറങ്ങാന്‍ സ്ഥലമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പാട്ടുകള്‍ നിര്‍ബന്ധിച്ച് പാടിക്കുമായിരുന്നു. പല തരത്തിലുള്ള ഗുളികകള്‍ കഴിച്ച് പലര്‍ക്കും തലകറക്കമുണ്ടായി. സ്ത്രീകളെ വെളുത്ത നിറമുള്ള ലായനി കുടിപ്പിച്ചു. പല സ്ത്രീകളുടെയും ആര്‍ത്തവം നിലച്ചതായും ടൂര്‍സുന്‍ വെളിപ്പെടുത്തി. മറ്റ് ചിലര്‍ക്ക് നിലയ്ക്കാത്ത ബ്ലീഡിംഗ് സംഭവിച്ചു. മൂന്ന് മാസത്തെ തടവുജീവിതത്തില്‍ ഒന്‍പത് പേര്‍ ദുരിതം താങ്ങാനാകാതെ മരിച്ചു.

മതപരമായ ചട്ടക്കൂടുകളില്‍ നിന്ന് ഉയിഗൂര്‍ മുസ്ലീമുകളെ വേര്‍പെടുത്തി പൂര്‍ണ്ണമായും കമ്യൂണിസ്റ്റ് ആശയങ്ങളും രീതികളും പഠിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിനായി ക്ലാസ്സ് മുറികളില്‍ വരെ ഗാര്‍ഡുകളുടെ ശക്തമായ നിരീക്ഷണമുണ്ടെന്നും ടൂര്‍സുന്‍ പറയുന്നു. വിലക്ക് ലംഘിച്ചാല്‍ അതിക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയരാകേണ്ടി വരും. ഉയിഗൂര്‍ കസാഖ്സ്, ഹൂയ്, ഉസ്ബക് എന്നീ വിഭാഗങ്ങളില്‍ പെട്ട പത്ത് ലക്ഷം ആളുകളെയാണ് ചൈനീസ് സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. 

ചൈനീസ് സ്വദേശിയായ ടൂര്‍സുന്‍ ഇംഗ്ലീഷ് പഠിക്കാന്‍ വേണ്ടിയാണ് ഈജിപ്തിലേക്ക് പോയത്. അവിടെ വച്ച് വിവാഹിതയായി. ഒറ്റപ്രസവത്തില്‍ തന്നെ മൂന്ന് കുഞ്ഞുങ്ങളുണ്ടായി. മൂന്ന് വര്‍ഷം മുന്‍പ് കുടുംബത്തെ കാണാന്‍ വേണ്ടി ചൈനയില്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നതും കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതും. പിന്നീട് മൂന്നു മാസത്തിന് ശേഷം ജയില്‍ മോചിതയായ ‍ടൂര്‍സുനെ എതിരേറ്റത് സ്വന്തം കുഞ്ഞിന്‍റെ മരണവാര്‍ത്തയായിരുന്നു. മറ്റ് രണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യവും വഷളായി. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു. മൂന്നാം തവണയാണ് വീണ്ടും ഇവരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. 

പൊട്ടിക്കരഞ്ഞു കൊണ്ടാണ് താന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് ടൂര്‍സുന്‍ പൊതു സമൂഹത്തോട് പങ്ക് വച്ചത്. ഇരുട്ടു മുറിയില്‍ കൊണ്ടുപോയി ഷോക്കടിപ്പിച്ച സമയത്ത് താന്‍ ഒരു വാചകം മാത്രം കൃത്യമായി കേട്ടുവെന്ന് ഇവര്‍ പറയുന്നു. ഉയിഗൂര്‍ വംശജയായത് മാത്രമാണ് നിങ്ങള്‍ ചെയ്ത കുറ്റം എന്നായിരുന്നു.