എന്നാൽ പാക്കറ്റ് തുറന്നാൽ തന്നെയും കാത്ത് നിൽക്കുന്നത് ഒരുകൂട്ടം പുഴുക്കളാണെന്ന് യുവതി അറിഞ്ഞിരുന്നില്ല. പാക്കറ്റ് തുറന്നപ്പോഴാണ് വണ്ടുകളെ പോലെയുള്ള പുഴുക്കളെ കണ്ടത്. ഉടന്‍ തന്നെ യുവതി പാക്കറ്റ് ഷെല്ലിയുടെ വീടിന് പുറത്തേക്ക് എറിയുകയും സ്ഥലം വിടുകയും ചെയ്തു. 

ഫ്ലോറിഡ: കൊറിയറിൽ വന്ന പാക്കറ്റ് മോഷ്ടിച്ച യുവതിക്ക് കിട്ടിയത് ജീവനോടെയുള്ള പുഴുക്കളെ. ഫ്ലോറിഡയിലെ അപോപ്ക്കയിലാണ് സംഭവം. ഷെല്ലി ഡ്രാവ്സ് എന്നയാളുടെ വീട്ടിൽനിന്നുമാണ് യുവതി പാക്കറ്റ് മോഷ്ടിച്ചത്. ഷെല്ലിയുടെ മകൻ വളർത്തുന്ന ഓന്തിന് നൽകാനുള്ള ഭക്ഷണമാണ് പാക്കറ്റിലുണ്ടായിരുന്ന ആ പുഴുക്കൾ.

എന്നാൽ പാക്കറ്റ് തുറന്നാൽ തന്നെയും കാത്ത് നിൽക്കുന്നത് ഒരുകൂട്ടം പുഴുക്കളാണെന്ന് യുവതി അറിഞ്ഞിരുന്നില്ല. പാക്കറ്റ് തുറന്നപ്പോഴാണ് വണ്ടുകളെ പോലെയുള്ള പുഴുക്കളെ കണ്ടത്. ഉടന്‍ തന്നെ യുവതി പാക്കറ്റ് ഷെല്ലിയുടെ വീടിന് പുറത്തേക്ക് എറിയുകയും സ്ഥലം വിടുകയും ചെയ്തു. ഇതെല്ലാം ഷെല്ലിയുടെ അയൽക്കാരൻ കാണുന്നുണ്ടായിരുന്നു. യുവതി പുറത്തേക്ക് വലിച്ചെറിഞ്ഞ ആ പൊതി അയൽക്കാരൻ ഷെല്ലിയുടെ വീടിനുമുന്നിൽ തന്നെ തിരികെ വച്ചു.

മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നത് ഇവർക്ക് വളരെ സന്തോഷമുള്ള കാര്യമായിരിക്കും. എന്നാൽ ഇന്ന് അവർ ചെയ്തതിന്റെ കർമ്മം അവർക്ക് കിട്ടി എന്ന അടിക്കുറിപ്പോടെ ഷെല്ലി തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വീടിന്റെ മുൻ വാതിൽനിന്നും കൊറിയർ മോഷ്ടിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്. യുവതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.