എയർ ഇന്ത്യ ഫ്ലൈറ്റിൽ മൂട്ട ശല്യം ദേഹത്ത് നിറയെ പാടുകളുമായി യാത്രക്കാരിയുടെ ട്വീറ്റ്
മുംബൈ: മൂട്ടശല്യം കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് എയർ ഇന്ത്യ യാത്രക്കാരിയായ യുവതി ഫോട്ടോ സഹിതം ട്വീറ്ററിൽ പോസ്റ്റ് ചെയ്തു. എയർ ഇന്ത്യയിൽ മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്ത സൗമ്യ ഷെട്ടിയാണ് തന്റെ കൈത്തണ്ടയിലെ മൂട്ടകടിച്ച പാടുകൾ സഹിതം ട്വീറ്റ് ചെയ്തത്. ഫ്ലൈറ്റിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും മൂന്ന് കുട്ടികൾക്കൊപ്പം അതേയിടത്തിൽ തന്നെ രാത്രി ഉറങ്ങേണ്ടി വന്നെന്നും സൗമ്യ ആരോപിക്കുന്നു.
ബിസിനസ് ക്ലാസിലായിരുന്നു സൗമ്യയുടെ യാത്ര. തന്റെ ശരീരത്തിലുടനീളം മൂട്ട കടിച്ച പാടുകളാണെന്ന് സൗമ്യ വെളിപ്പെടുത്തുന്നു. ''എന്റെ ശരീരം മുഴുവൻ മൂട്ട കടിച്ചതിന്റെ പാടുകളും വേദനയുമാണ്. ഇതിന് പരിഹാരമായി എന്ത് ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. പുലർച്ചെയാണ് ഞാൻ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നത്. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പമാണ് ഞാൻ യാത്ര ചെയ്തതെന്ന് നിങ്ങൾ മനസ്സിലാക്കണം'' മാധ്യമങ്ങൾക്ക് ടാഗ് ചെയ്ത ട്വീറ്റിൽ സൗമ്യ ഷെട്ടി ഇങ്ങനെ കുറിക്കുന്നു. ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്തത് കുട്ടികളുടെ സുരക്ഷയെക്കരുതിയാണെന്നും സൗമ്യ കൂട്ടിച്ചേർക്കുന്നു.
ഇതേ ഫ്ലൈറ്റിൽ അന്നേദിവസം യാത്ര ചെയ്ത പല യാത്രക്കാരും മൂട്ടശല്യത്തെക്കുറിച്ച് പരാതിപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെല്ലാം ബിസിനസ്സ് ക്ലാസ്സിലാണ് യാത്ര ചെയ്തിരുന്നത്. തന്റെ ഭാര്യയും മകളും പൊട്ടിപ്പൊളിഞ്ഞ സീറ്റും സൗകര്യങ്ങളുമുള്ള എക്കോണമി ക്ലാസിലാണ് യാത്ര ചെയ്തതെന്ന് പ്രവീൺ എന്ന യാത്രക്കാരൻ ട്വീറ്റ് ചെയ്തു. എയർ ഇന്ത്യയ്ക്ക് ടാഗ് ചെയ്യുകയും ചെയ്തു. ഈ അപാകതകൾക്കെല്ലാം സോറി പറഞ്ഞ് കൊണ്ട് എയർ ഇന്ത്യ മറുപടി ട്വീറ്റ് ചെയ്തു. എയർ ഇന്ത്യ ഫ്ളെറ്റിൽ നിന്നും എലി ഇറങ്ങിയോടിയ സംഭവവും നടന്നിട്ടുണ്ട്.
