ഹൈദരാബാദ്: അജ്ഞാത യുവതിയുടെ മൃതദേഹം വെട്ടി നുറുക്കി രണ്ട് ചാക്കുകളിലാക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ കൊണ്ടാപൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്ത് ജനുവരി 30നാണ് മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വെട്ടി നുറുക്കിയ ചാക്കിുകളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. 

ഒരു ചാക്കില്‍ വെട്ടിമാറ്റിയ തലയും കൈകളും, മറ്റൊരു ചാക്കില്‍ തലയില്ലാത്ത ഉടലുമാണ് കണ്ടെത്തിയത്. 25നും 30 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. 

ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം കെട്ടിവച്ച ചാക്കുകളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ചാക്കുകള്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് ശരീരഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് അയച്ചു. കഴിഞ്ഞ ദിവസം നല്‍ഗൊണ്ടയിലെ ദര്‍ഗയില്‍നിന്ന്് സമാനമായ രീതിയില്‍ ഉടലില്‍നിന്ന് വേര്‍പ്പെടുത്തിയ ഓട്ടോ ഡ്രൈവറുടെ തല കണ്ടെത്തിയിരുന്നു. ഇയാളുടെ ശരീരഭാഗങ്ങള്‍ മറ്റൊരിടത്തുനിന്നാണ് കണ്ടെത്തിയത്. ഭാര്യയുടെ കാമുകനും സഹായിയും ചേര്‍ന്നാണ് ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയത്.