ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയെന്ന് പരാതി

First Published 11, Apr 2018, 6:50 PM IST
women against cpm in kozhikode
Highlights
  • സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി
  • ഗര്‍ഭസ്ഥ ശിശു മരിച്ച സ്ത്രീയുടെ പരാതി
  • കേസ് പിന്‍വലിക്കണമെന്ന് ഭീഷണി
  • പോലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട്: ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സിപിഎം പ്രവര്‍ത്തകരിൽ നിന്ന് വീണ്ടും ഭീഷണിയെന്ന് കോഴിക്കോട് കോടഞ്ചേരിയിലെ വീട്ടമ്മ ജോസ്ന. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് ജോസ്നയും ഭര്‍ത്താവും പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

അയൽവാസിയുമായുള്ള അതിര്‍ത്തിതർക്കത്തെത്തുടര്‍ന്നാണ് സിപിഎം കോടഞ്ചേരി കല്ലത്രമേട് ബ്രാഞ്ച് സെക്രട്ടറിയും സംഘവും ജ്യോത്സനയെ ആക്രമിച്ചത്.ആക്രമണത്തിൽ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.കേസിൽ അറസ്റ്റിലായ പ്രതികള്‍ വൈകാതെ ജാമ്യത്തിലറങ്ങി. ഭീഷണി തുടര്‍ന്നതോടെ കുടുംബം ഇക്കഴിഞ്ഞ മൂന്നാം തീയതി സ്വന്തം വീടുപേക്ഷിച്ച് താമരശേരിയിലേക്ക് താമസം മാറ്റി. എന്നാൽ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി തുടരുകയാണെന്നാണ് വീട്ടമ്മയുടെ പരാതി.വീട്ടുടമസ്ഥൻ ഇവരോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രതികള്‍ ഭീഷണിപെടുത്തുന്നതായി കാണിച്ച് ഭർത്താവ് സിബി കോ‍ടഞ്ചേരി പൊലീസില്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ല. പരാതി കിട്ടിയിട്ടില്ലെന്ന് കോടഞ്ചേരി പൊലീസ് പറയുന്നു. ആരോപണം അടിസ്ഥാനരഹിതമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കുടുംബത്തിന് ഭീഷണിയൊന്നുമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

 

 

loader