യുവതിയെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ദില്ലി: അവിഹിത ബന്ധമാരോപിച്ച് യുവതിയെ ആള്‍ക്കൂട്ടത്തിന് മുന്നില്‍വച്ച് കെട്ടിയിട്ട് അതി ക്രൂരമായി മര്‍ദ്ദിച്ചു. ശരീരം വേദനകൊണ്ട് പുളയുമ്പോഴും അത് വക വയ്ക്കാതെ മര്‍ദ്ദിക്കുന്നത് നോക്കി നിന്നത് നൂറുകണക്കിന് ആളുകളാണ്. ചിലര്‍ ചിരിക്കുകയും മറ്റ് ചിലര്‍ നോക്കി നില്‍ക്കുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തം. 

ഉത്തര്‍പ്രദേശിലെ ബുലന്ത്സാഹര്‍ ജില്ലിയലാണ് അതിക്രൂരമായ ആക്രമണം നടന്നത്. അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഈ മാസം ആദ്യം യുവതിയെ മര്‍ദ്ദിക്കാന്‍ ഉത്തരിവിട്ടിരുന്നു. യുവതി ചെയ്ത കുറ്റവും യുവതിയ്ക്കുള്ള ശിക്ഷയും തീരുമാനിച്ചത് പഞ്ചായത്താണ്. രാജ്യതലസ്ഥാനത്തുനിന്ന് അറുപത് കിലോമീറ്റര്‍ മാത്രം അകലയാണ് ഗാപ്പ് പഞ്ചായത്തിന്‍റെ പ്രാകൃത നിയമം നടപ്പിലാക്കിയിരിക്കുന്നത്. 

പ്രദേശവാസികളിലൊരാള്‍ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പുരുഷന്‍മാരും കുറച്ച് സ്ത്രീകളും ചുറ്റുമുണ്ടായിട്ടും മര്‍ദ്ദനം തടയാന്‍ ആരും തയ്യാറായില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് സ്ത്രീ ബോധരഹിതയായി. സംഭവത്തില്‍ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നതായി അറിഞ്ഞ് യുവതിയെ വിളിച്ച് മൊഴിയെടുക്കുകയും തുടര്‍ന്ന് കേസ് റെജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.