അടിമാലിയിൽ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരോഷാണ് പിടിയിലായത്. കൊലപ്പെടുത്തിയ ശേഷം വീട്ടമ്മയുടെ മാറിടം മുറിച്ചെടുത്ത് പ്രതി വീട്ടിൽ കൊണ്ടുപോയി.

അടിമാലി പതിനാലാം മൈലിൽ താമസിക്കുന്ന അബ്ദുൾ സിയാദിൻറെ ഭാര്യ സെലീനയെയാണ് കൊലപ്പെട്ട നിലയിൽ വീടിനു പിൻഭാഗത്ത് കണ്ടെത്തിയത്. മത്സ്യ വ്യാപാരിയായ ഭർത്താവ് രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് ഉച്ചക്ക് രണ്ടരക്കു നടന്ന സംഭവം പുറത്തറിയുന്നത്. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിക്കൂടി. പൊലീസിനെയും അറിയിച്ചു. പൊലീസ് സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഗിരോഷിന്റെ ദൃശ്യങ്ങൾ കണ്ടു. തുടർന്ന് വണ്ടമറ്റത്തെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഗിരോഷും സെലീനയും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

ഗിരോഷിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ 10,8000 രൂപ മാസങ്ങൾ കഴിഞ്ഞിട്ടും ഇവർ തിരികെ നൽകിയില്ല. ഒപ്പം ഗിരോഷിന്റെ പേരിൽ വായ്പയെടുത്ത് വാങ്ങിയ വാഹനത്തിന്റെ തിരിച്ചടവിലും മുടക്കം വരുത്തി. ഇതോടെ ഗിരോഷ് സാമ്പത്തിക പ്രതിസന്ധിയിലായി. ഭാര്യയെ പ്രസവത്തിന് ആശുപത്രിയിലാക്കാൻ പണം വേണമെന്നാവശ്യപ്പെട്ടാണ് ഗിരോഷെത്തിയത്. സെലീന ഇതു നൽകാൻ തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിനിടെ കയ്യിലിരുന്ന കത്തി കൊണ്ടു സെലിനയുടെ തൊണ്ടയിൽ മൂന്നു തവണ കുത്തി. ശരീരത്തിലാകെ പന്ത്രണ്ടോളം സ്ഥലത്ത് മുറിവേറ്റിട്ടുണ്ട്. ഇതിനു ശേഷം പുറത്തിറങ്ങിയ ഗിരോഷ് അൽപ്പ സമയത്തിനകം വീണ്ടും സെലീനയുടെ അടുത്തെത്തി ഇടതു മാറിടം മുറിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞ് ബാഗിലാക്കി. തുടർന്ന് ബൈക്കിൽ കയറി വണ്ടമറ്റത്തെ വീട്ടിലെത്തി. മൊബൈൽ ടവർ പിന്തുടർന്നെത്തിയ പൊലീസ് പലർച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. ഗിരോഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ മുറിച്ചു മാറ്റിയ മാറിടവും കത്തിയും കണ്ടെത്തി. സെലീനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു.