തിരുവോണ ദിവസം നാദാപുരം അത്തിയോട് വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഓണപ്പൊട്ടന്‍ തെയ്യം കെട്ടിയാടിയ സജീഷ് മലയനെ ഒരുസംഘം ആക്രമിച്ചത്. ജാതിപ്പേര് വിളിച്ചെന്നും തെയ്യം കെട്ടല്‍ നിര്‍ത്തണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചെന്നും കാണിച്ച് സജീഷ് നാദാപുരം പൊലീസില്‍ പരാതി നല്‍കി. ബിജെപി പ്രവര്‍ത്തകരായ നാലുപേരാണ് മര്‍ദ്ദനത്തിന് പിന്നിലെന്നും സജീഷ് പരാതിയില്‍ ആരോപിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 65കാരി, തെയ്യം കലാകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് സജേഷിനെതിരെയും അന്വേഷണം ആരംഭിച്ചെന്ന് നാദാപുരം ഡി.വൈ.എസ്.പി ഇസ്മായില്‍ അറിയിച്ചു. 354ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് സജീഷ് മലയന്‍ പറഞ്ഞു. തെയ്യം കലാകാരനെ അക്രമിച്ചത് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ പരാതി ഉയര്‍ന്നുവന്നത്.