മരട് സ്വദേശിയാണ് തന്റെ വിവാഹമോതിരം അഭിമന്യു കുടുംബസഹായ ഫണ്ടിലേക്ക് സംഭാവന ചെയ്തത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് വിവാഹ മോതിരം സംഭാവന ചെയ്ത് യുവതി. മരട് സ്വദേശി തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്‌നയാണ് തന്റെ വിവാഹമോതിരം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്.

തൃപ്പൂണിത്തറ എം.എല്‍.എ ആയ എം സ്വരാജാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ സംഭവം പുറത്തുവിട്ടത്. അഭിമന്യുവിന്റെ കൊലപാതക വാർത്തയറിഞ്ഞപ്പോള്‍ താന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന വിവാഹമോതിരം കുടുംബത്തിന് സംഭാവന ചെയ്യാന്‍ സജ്‌ന തീരുമാനിക്കുകയായിരുന്നു എന്ന് എം. സ്വരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. സുബൈറിന്റേയും സജ്‌നയുടേയും മകള്‍ അന്‍സിയയില്‍ നിന്നും വിവാഹമോതിരം ഏറ്റുവാങ്ങിയെന്നും സ്വരാജ് പറയുന്നു.

സ്വരാജിന്‍റെ പൂര്‍ണ്ണരൂപം

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സമൂഹം ഏക മനസോടെ രംഗത്തിറങ്ങിക്കഴിഞ്ഞതിന്റെ വാർത്തകളാണെങ്ങും.

അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് മകനെ നഷ്ടമായപ്പോൾ ലക്ഷക്കണക്കിന് മാതാപിതാക്കൾക്ക് അവൻ പ്രിയപുത്രനായി മാറി .

മരടിലെ തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്ന തന്റെ വിവാഹമോതിരമാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ അരുംകൊല ചെയ്ത അഭിമന്യുവിന്റെ വാർത്തയറിഞ്ഞപ്പോൾ താൻ നിധിപോലെ സൂക്ഷിച്ചിരുന്ന വിവാഹമോതിരം ആ കുടുംബത്തെ സഹായിക്കാനായി സംഭാവന ചെയ്യാൻ സജ്ന തീരുമാനിക്കുകയായിരുന്നു. 
സുബൈറിന്റേയും സജ്നയുടെയും മകൾ അൻസിയയിൽ നിന്നും ഞങ്ങൾ മോതിരം ഏറ്റുവാങ്ങി.