ദില്ലി: ശബരിമലയില്‍ പത്തിനും അന്‍പതിനുമിടയ്‌ക്ക് പ്രായമുള്ള സ്‌ത്രീകളെ പ്രവേശിപ്പിയ്‌ക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്‌ടിയ്‌ക്കുമെന്ന് സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം. മറ്റ് മതങ്ങളിലെ ആരാധനാലയങ്ങളിലും സമാനമായ വിലക്കുകളുണ്ടെന്നും ആചാരങ്ങള്‍ പിന്തുടരാന്‍ എല്ലാ മതസ്ഥര്‍ക്കും അവകാശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാല്‍ വിശ്വാസങ്ങളും ആചാരങ്ങളും ഭരണഘടനയ്‌ക്ക് അതീതമാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിന്റെ ചരിത്രത്തെയും വിശ്വാസങ്ങളെയും മിത്തുകളെയും കുറിച്ച് ദീര്‍ഘമായ വാദമാണ് ഇന്ന് സുപ്രീംകോടതിയില്‍ നടന്നത്. നൈഷ്‌ഠികബ്രഹ്മചാരിയായ അയ്യപ്പന് ആര്‍ത്തവമുള്ള സ്‌ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിയ്‌ക്കുന്നതില്‍ താത്പര്യമില്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് കെ കെ വേണുഗോപാല്‍ വാദിച്ചു. കേരള ഹൈക്കോടതിയില്‍ സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസ് നടന്നപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതാണ്.
ശബരിമലയില്‍ പ്രത്യേകപ്രായപരിധിയിലുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനമനുവദിയ്‌ക്കണോ വേണ്ടയോ എന്ന കാര്യങ്ങള്‍ കോടതിമുറിയ്‌ക്കുള്ളില്‍ തീരുമാനിയ്‌ക്കപ്പെടേണ്ടതല്ലെന്നും, ഇക്കാര്യത്തില്‍ പരിഗണിയ്‌ക്കേണ്ടത് ഭക്തരുടെ വിശ്വാസമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പത്തിനും അന്‍പതിനുമിടയ്‌ക്ക് പ്രായമുള്ള സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിയ്‌ക്കാന്‍ കോടതി തീരുമാനിച്ചാല്‍ മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെയും ഇത് ബാധിയ്‌ക്കും. മുംബൈയിലെ ഹാജി അലി പോലുള്ള ദര്‍ഗകളില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനാനുമതിയില്ല.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്താന്‍ ഭരണഘടനയുടെ 25, 26 പ്രകാരം എല്ലാ മതസ്ഥര്‍ക്കും അവകാശമുണ്ട്. കേസില്‍ ഹര്‍ജിക്കാരന്‍ മറ്റൊരു മതത്തില്‍പ്പെട്ടയാളാണെന്നും ഹിന്ദുമതവിശ്വാസികളല്ലാത്തവര്‍ക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാനവകാശമില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. എന്നാല്‍ വിശ്വാസങ്ങളും ആചാരങ്ങളും മതാതീതമാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേകപ്രായപരിധിയിലുള്ള വിശ്വാസികളായ സ്‌ത്രീകളെ മാത്രം വിലക്കുന്നത് മതേതരത്വത്തെ കളങ്കപ്പെടുത്തുന്നതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. വിശ്വാസങ്ങള്‍ പുരോഗമനപരമാകണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ വാദം വെള്ളിയാഴ്ച തുടരും.
