Asianet News MalayalamAsianet News Malayalam

യുവതീപ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ

പത്ത് വയസ്സ് ഉള്ള പെൺകുട്ടി പോലും അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു. 
 

Women entry will not affect god ayyappa says kerala goverment in supreme court
Author
Thiruvananthapuram, First Published Feb 14, 2019, 11:34 AM IST

ദില്ലി:യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സുപ്രീം കോടതിയിൽ എൻ എസ് എസ് നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി നൽകിയിരിക്കുന്ന മറുപടിയിൽ ആണ് സർക്കാർ ഈ നിലപാട് വിശദീകരിച്ചിരിക്കുന്നത്. പത്ത് വയസ്സ് ഉള്ള പെൺകുട്ടി പോലും അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു. 

ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാരപരമായ സമ്പ്രദായം ആണെന്ന എന്‍എസ്എസ് അഭിഭാഷകൻ വെങ്കിട്ട രാമന്റെ വാദം തെറ്റാണെന്ന് സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സരിയ സംസ്ഥാന സര്‍ക്കാരിനായി എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. നാട്ടിലെ നൂറുകണക്കിന് അയ്യപ്പക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്നും വിലക്ക് നിലനില്‍ക്കുന്നത് ശബരിമലയില്‍ മാത്രമാണെന്നും സര്‍ക്കാര്‍ പറയുന്നു. 

യുവതികളെ വിലക്കുന്നത് ക്ഷേത്രത്തിന് ആവശ്യമായ ആചാരമാണെന്ന തന്ത്രിയുടെ വാദം കണക്കിലെടുത്ത് ശബരിമല വിധി പുനപരിശോധിക്കരുത്. യുവതികൾ എത്തിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആണ്. ഒരു മതത്തിന്‍റേയോ ഒരു പ്രത്യേക വിഭാഗത്തിന്‍റേയോ അനുപക്ഷേണീയമായ ആചാരമാണോ യുവതീപ്രവേശന വിലക്ക് എന്ന കാര്യമാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികൾക്കും തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗമായി പ്രവര്‍ത്തിക്കാമായിരുന്നു. 2007 ലാണ് ഇത് 60 വയസ്സായി ഉയർത്തിയത്. മുപ്പത്തിയഞ്ചുകാരിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗമായി ഇരിക്കാമെങ്കില്‍ ബോര്‍ഡിന് കീഴിലെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിക്കുകയുമാവാം എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. 

തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃ പരിശോധന ഹർജിയിൽ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സര്‍ക്കാരിന് വേണ്ടി മറ്റൊരു മറുപടി നല്‍കിയിട്ടുണ്ട്. യുവതികളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷിണയം ആയ ആചാരത്തിന്റെ ഭാഗം അല്ല എന്ന് സംസ്ഥാന സർക്കാർ ഈ മറുപടിയില്‍ പറയുന്നു. 

ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കും എന്ന ഹർജിക്കാരി ഉഷ നന്ദിനിയുടെ അഭിഭാഷകന്റെ വാദം തെറ്റാണ്. വിധി ബാധകം ആകുന്ന എല്ലാവേരയും കോടതിക്ക് കേൾക്കാൻ കഴിയില്ല. പ്രാഥമികം ആയ വാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എന്നും റിവ്യൂ പെറ്റീഷനുകൾ അംഗീകരിച്ചാൽ വിശദമായ വാദം ഉന്നയിക്കാൻ അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ.
 

Follow Us:
Download App:
  • android
  • ios