പോലീസിന് പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചു ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപി
ബെയ്റെലി: കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ വീടിന് സമീപമുള്ള ക്ഷേത്രത്തിലെ യാഗശാലയില് വച്ച് ജീവനോടെ ചുട്ടുക്കൊന്നു. ഉത്തര് പ്രദേശിലെ സാംബാല് ജില്ലയിലാണ് സംഭവം. അഞ്ചു പേര് ചേര്ന്ന് ബലാത്സംഗത്തിനിരയാക്കിയ 35 വയസുള്ള യുവതിയെയാണ് കൊലപ്പെടുത്തിയത്.
നാടിനെ നടുക്കിയ ക്രൂരത ശനിയാഴ്ച രാജപുര പോലീസ് സ്റ്റേഷന് കീഴിലാണുണ്ടായത്. വീട്ടില് ഉറങ്ങുകയായിരുന്ന യുവതിയെ അഞ്ചംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്ക്കെതിരെ പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്.
കൊലപ്പെടുത്തുന്നതിന് മുമ്പ് തന്റെ ഭാര്യ യുപി പോലീസിനെ വിളിച്ചിരുന്നെങ്കിലും കോള് എടുത്തില്ലെന്ന് ഗാസിയാബാദില് ജോലി ചെയ്യുന്ന യുവതിയുടെ ഭര്ത്താവ് ആരോപിച്ചു. കൃത്യത്തില് ഉള്പ്പെട്ടവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. പ്രതികളെപ്പറ്റി യുവതി അര്ധ സഹോദരിയോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ് പോലീസിന് ലഭിച്ചിട്ടുണ്ട്.
കനത്ത മഴയുണ്ടായിരുന്ന സമയത്ത് അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച കയറുകയായിരുന്നുവെന്ന് ഇതില് നിന്ന് വ്യക്തമായിട്ടുണ്ട്. ഭര്ത്താവിനെയും സഹോദരനെയും ഫോണില് ലഭിക്കാതിരുന്നതിനാലാണ് അര്ധ സഹോദരിയോട് അവര് കാര്യങ്ങള് വിശദീകരിച്ചത്.
എന്നാല്, കാര്യങ്ങള് കേട്ട ശേഷം പോലീസിനെയും ബന്ധുക്കളെയും അറിയിക്കുന്നതിന് മുമ്പ് പ്രതികള് വീണ്ടും വീട്ടിലെത്തി. അതിന് ശേഷം തന്റെ ഭാര്യയെ യാഗശാലയില് കൊണ്ടുപോയി വീണ്ടും ദ്രോഹിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഭര്ത്താവ് പോലീസിന് നല്കിയ പരാതിയില് പറയുന്നതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തു.
ഇത് പ്രകാരം അരാം സിംഗ്, മഹാവീര്, ചരണ് സിംഗ്, ഗുല്ലു, കുമാര്പാല് എന്നിവര്ക്കെതിരെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില് ഇവര് കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതിയെ ശല്യം ചെയ്തിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്.
പ്രതികളെ കുറിച്ച് എല്ലാ വിവരങ്ങളും ലഭിച്ചതായും ഉടന് അറസ്റ്റ് ഉണ്ടാകുമെന്നും എഡിജിപി പ്രേം പ്രകാശ് പറഞ്ഞു. നേരത്തെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന തരത്തില് വാര്ത്തകള് വന്നെങ്കിലും കൊലപാതകം തന്നെയാണെന്നാണ് പോലീസ് ഇപ്പോള് സൂചിപ്പിക്കുന്നത്.
