ബെംഗളൂരുവില്‍ അമ്മ മകളെ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് താഴേക്കെറിഞ്ഞുകൊന്നു. ജെ.പി നഗര്‍ സ്വദേശി അഷിക സര്‍ക്കാര്‍ എന്ന ഏഴുവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഒരു തവണ എറിഞ്ഞതിന് ശേഷവും ജീവനുണ്ടായിരുന്ന കുട്ടിയെ അമ്മ സ്വാതി വീണ്ടും എടുത്തു കൊണ്ടുപോയി മൂന്നാം നിലയില്‍ നിന്ന് താഴേക്കിടുകയായിരുന്നു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അതിദാരുണമായ കൊലപാതകം നടന്നത്.ബംഗാള്‍ സ്വദേശി കാഞ്ചന സര്‍ക്കാരിന്‍റെയും സ്വാതിയുടെയും മകളാണ് കൊല്ലപ്പെട്ട അഷിക. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഭര്‍ത്താവുമായി പിരിഞ്ഞ് ജെ.പി നഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് സ്വാതിയുടെ താമസം. ബുദ്ധിവൈകല്യമുള്ള കുട്ടിയാണ് അഷിക. ഞായറാഴ്ച വൈകുന്നേരം താമസിക്കുന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് മകളെ സ്വാതി താഴേക്ക് വലിച്ചെറിഞ്ഞു. ഉടനെ താഴെയെത്തി കുട്ടിയെ എടുത്ത് മുകളിലേക്ക് പോയി. ശബ്ദം കേട്ടെത്തിയ അയല്‍വാസിയായ സ്ത്രീ ഇതു കണ്ടു. കുട്ടിയുടെ തലയില്‍ നിന്ന് രക്തം വരുന്നുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും അവര്‍ സ്വാതിയോട് പറഞ്ഞു. എന്നാല്‍ ഇവരോട് തട്ടിക്കയറിയ സ്വാതി മകളുമായി മുറിക്കുള്ളിലേക്ക് പോയി. പിന്നീട് വസ്ത്രം മാറി പത്ത് മിനിറ്റിനകം പുറത്തുവന്ന് മകളെ വീണ്ടും താഴേക്കെറിയുകയായിരുന്നു.

ആദ്യത്തെ തവണ താഴെ വീണപ്പോള്‍ ചെറുതായി രക്തം വാര്‍ന്നിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ കുട്ടി കണ്ണുതുറക്കുകയും കയ്യും കാലുമെല്ലാം അനക്കുകയും ചെയ്തിരുന്നു. അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്വാതിയെ നാട്ടുകാര്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വാതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് പറയുന്നു. മകളുടെ അസുഖവും ഭര്‍ത്താവുമായി പിരിഞ്ഞതുമാണ് അവരുടെ മനോനില തെറ്റിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നേരത്തെ നഗരത്തിലെ ഒരു സ്കൂളില്‍ അധ്യാപികയായിരുന്നു ബംഗാള്‍ സ്വദേശിയായ സ്വാതി.