ആലുവ: ആലുവയിൽ യുവതിയെ കൊലപ്പെടുത്തി പുഴയിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിൽ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടു. കൊല നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്നാണ് നടപടി.
 
മൃതദേഹത്തിൽ നിന്നും കിട്ടിയ വസ്ത്രങ്ങളുടെയും യുവതിയുടെ വായിൽ തിരുകിയിരുന്ന തുണിയുടെയും ചിത്രങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. വെള്ളനിറത്തിൽ ആപ്പിൾ എന്ന് എംബ്രോയ്ഡറി വർക്ക് ചെയ്ത  പച്ച കളറിലുള്ള ത്രീ ഫോർത്ത്, ഓക്ക് വാലി കന്പനി നിർമ്മിച്ച് നീല കളർ ടോപ്പ് എന്നിവയാണ് കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്നത്. 

ഇതൊടൊപ്പം ഇവരുടെ വായിൽ തിരുകിയിരുന്ന ചുരിദാർ പാൻറിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. വസ്ത്രങ്ങൾ കണ്ട് യുവതി ആരാണെന്ന് തിരിച്ചറിയുന്നവർ എറണാകുളം റൂറൽ എസ്പിയെയോ, ആലുവ ഡിവൈഎസ്പിയെയോ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലോ അറിയിക്കാനാണ് നിർദ്ദേശം. മരിച്ചത് ആരാണെന്ന് കണ്ടെത്തിയാൽ കൊലയാളികളിലേക്ക് വേഗത്തിൽ എത്താൻ കഴിയുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടൽ.  

കൊലയാളി സംഘത്തിൽ ഒരു സ്ത്രീയും പുരുഷനുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  മൃതദേഹം പൊതിയാൻ ഉപയോഗിച്ച പുതപ്പ് വാങ്ങിയ കടയും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.