നൂറ്റാണ്ടുകളായുള്ള ആചാരമുള്ളത് കൊങ്കാളി മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലാണ്.  മൈസൂര്‍ നഗരത്തില്‍ നിന്നും 98 കിലോമീറ്റര്‍ അകലെ ചാമരാജനഗര്‍ -ഈറോഡ് അതിത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍  സ്ത്രീകള്‍ കയറിയാല്‍ ദേവന്റെ ബ്രഹ്മചര്യം തെറ്റുമെന്നാണ് വിശ്വാസം

മൈസൂര്‍: ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയും, അതില്‍ നടക്കുന്ന പ്രതിഷേധങ്ങളും അവയ്ക്കെതിരായ പ്രതിരോധങ്ങളും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇതേ സമയം ശബരിമല പോലെ സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു ക്ഷേത്രം കര്‍ണ്ണാടകയിലുണ്ട്. 1200 വര്‍ഷങ്ങളായി സ്ത്രീകളുടെ പാദസ്പര്‍ശനം ഏല്‍ക്കാത്ത ക്ഷേത്രം തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ ചമരാജ് നഗറിലാണ്. 

നൂറ്റാണ്ടുകള്‍ നീണ്ട ആചാരമുള്ളത് കൊങ്കാളി മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലാണ്. മൈസൂര്‍ നഗരത്തില്‍ നിന്നും 98 കിലോമീറ്റര്‍ അകലെ ചാമരാജ്‌നഗര്‍ -ഈറോഡ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയാല്‍ ദേവന്റെ ബ്രഹ്മചര്യം തെറ്റുമെന്നാണ് വിശ്വാസം. 1200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഇതുവരെ സ്ത്രീകള്‍ കയറിയിട്ടില്ലെന്ന് ക്ഷേത്രം തന്ത്രി സദാശിവ മൂര്‍ത്തി സ്വാമി പറയുന്നു. 

ദക്ഷിണ കര്‍ണാടകത്തില്‍ പൂജിക്കപ്പെടുന്ന മഹദേശ്വര സ്വാമിയുടെ സമകാലീനനായ മല്ലികാര്‍ജ്ജുന സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തപസ്സ് അനുഷ്ഠിക്കാനായി ഇവിടെയെത്തിയ മല്ലികാര്‍ജ്ജുന സ്വാമി പിന്നീട് പ്രതിഷ്ഠയായി മാറുകയായിരുന്നെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയാല്‍ മല്ലികാര്‍ജ്ജുനന്റെ ധ്യാനത്തിനും തപസ്സിനും ഭംഗം വരുമെന്നാണ് വിശ്വാസം. 

അതുകൊണ്ട് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അതേസമയം കൊങ്കാളി ഗ്രാമത്തിലെ ദേവന്റെ ഉത്സവത്തിന് സ്ത്രീകള്‍ പങ്കാളികളാകാറുണ്ട്. എന്നിരുന്നാലും ഇവരെ ക്ഷേത്രത്തില്‍ കയറ്റാറില്ല. കൊടുംവനത്തിന് നടുവിലുള്ള ഈ ക്ഷേത്രത്തില്‍ എല്ലാ ജാതിമതത്തില്‍ പെട്ടവരും എത്താറുണ്ട്. കടുവകളും പുള്ളിപ്പുലികളും ആനകളും കരടികളുമുള്ള കാട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതവുമല്ല.