ഇരയായ യുവതി പരാതി നല്‍കിയില്ലെങ്കിലും വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു

പാറ്റ്ന: ഗംഗ നദിയില്‍ കുളിക്കുന്നതിനിടെ യുവതിയെ രണ്ടംഗ സംഘം ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇരയായ യുവതി പരാതി നല്‍കിയില്ലെങ്കിലും വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ശിവ്പൂജന്‍ മഹ്തോ, വിശാല്‍ എന്നിവരെയാണ് പിടികൂടിയത്. ഗംഗ നദിയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ സംഘം ആക്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

അതിക്രമത്തിനിടെ ഗംഗ നദിയുടെ വിശുദ്ധി എങ്കിലും പരിഗണിക്കണമെന്ന് യുവതി കരഞ്ഞ് അപേക്ഷിക്കുന്നുണ്ടെങ്കിലും പ്രതികള്‍ കൃത്യത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകാതിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് ശേഷം വാട്സ് ആപ്പില്‍ കൂടെയാണ് വീഡിയോ കൂടുതലും പ്രചരിച്ചത്.

ഡ്രെെവറായ മഹ്തോ പാറ്റ്നയില്‍ നിന്ന് ബാര്‍ഹിലേക്ക് പോകുന്ന വഴിക്കാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.