പങ്കാളിത്തം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല നഗരസഭാ സെക്രട്ടറി എസ് ബിജു ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്  

കോട്ടയം: വനിതാ മതിലിൽ ജീവനക്കാരും കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകരും പങ്കെടുക്കണമെന്ന തിരുവല്ല നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിൽ. പങ്കാളിത്തം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി എസ് ബിജുവാണ് ഉത്തരവിറക്കിയത്. ഓച്ചിറ മുതൽ അരൂര്‍ വരെയുള്ള ഭാഗങ്ങളിൽ അണിചേരണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദ്ദേശം നല്‍കി. സർക്കാരിനോട് വ്യാഴാഴ്ച നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. സമാനഹർജികൾക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതുതാല്‍പര്യ ഹർജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

അതിനിടെ, വനിതാ മതിൽ എന്ന വർഗീയ മതിൽ കെട്ടാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവർ ആണ് വനിതാ മതിൽ കെട്ടുന്നത് എന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്ന് കെ എസ് യുവും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വർഗീയ മതിലാണിതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് പറ‍ഞ്ഞു.