അബുദാബി: കാമുകന് സമ്മാനിക്കാനായി യുവതി ബാങ്കില്‍ നിന്ന് മോഷ്‌ടിച്ചത് 20 മില്യന്‍ ദിര്‍ഹം (35.28 കോടി ഇന്ത്യന്‍ രൂപ). ബാങ്കിലെ കസ്റ്റമര്‍ സര്‍വ്വീസ് മാനേജരായ യുവതി മറ്റൊരു ജീവനക്കാരന്റെ പാസ് കൈക്കലാക്കിയാണ് ഇത്രയധികം തുകയുടെ തിരിമറി നടത്തിയത്. കേസ് കഴിഞ്ഞ ദിവസം അബുദാബി ക്രിമിനല്‍ കോടതി പരിഗണിച്ചു.

യുവതിയേക്കാള്‍ ഏഴ് വയസ് പ്രായം കുറഞ്ഞ കാമുകന് വലിയ തുക പണമായി നല്‍കിയതിന് പുറമെ ഇയാളുടെ കടങ്ങള്‍ വീട്ടുകയും ചെയ്തു. ഫാന്‍സി നമ്പറുകളോട് കൂടിയ ആഢംബര കാറുകള്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍, വിലകൂടിയ സമ്മാനങ്ങള്‍, വാച്ചുകള്‍ തുടങ്ങിയവയും വാങ്ങി നല്‍കി. ഇതില്‍ ഏകദേശം 15 മില്യന്‍ ദിര്‍ഹത്തിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. യുവതിയുടെ സ്വത്തുക്കളും ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. 

2017 ജൂണിലാണ് കേസിന് ആസ്‌പദമായ സംഭവങ്ങള്‍ നടന്നത്. അന്ന് ഒരു ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മാനേജരും അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുമുണ്ടായിരുന്ന യുവതി, സഹപ്രവര്‍ത്തകരില്‍ ഒരാളുടെ പാസ് സ്വന്തമാക്കി പണം അനധികൃതമായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. കാമുകനെ കേസിലെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. തട്ടിച്ചെടുത്ത പണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയ ഇയാളുടെ സഹോദരങ്ങളെയും പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ ഏതാനും നിമിഷം മാത്രമാണ് വാദം നടന്നത്. പ്രതിഭാഗം കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.