അക്രമണം ഭയന്ന് അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തിൽ നിന്ന് ഒാടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക് . 

വഡോദര: ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെയുളള ആക്രമണം ഭയന്ന് ഗുജറാത്തില്‍ നിന്ന് ബിഹാര്‍ യുപി സ്വദേശികളുടെ കൂട്ടപ്പാലായനം തുടരുന്നു. ഇതേ ചൊല്ലി ബി.ജെ.പി- കോണ്‍ഗ്രസും പോരും ശക്തമായി. 

അക്രമണം ഭയന്ന് അന്‍പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തിൽ നിന്ന് ഒാടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക് . ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസ് എം.എൽ.എ അൽപേശ് ഠാക്കൂര്‍ അധ്യക്ഷനായ താക്കൂര്‍ സേനയെന്ന ആരോപണം ബി.ജെ.പി ആവര്‍ത്തിക്കുകയാണ്. അൽപേശിനെ പുറത്താക്കത്താതെന്തെന്ന ചോദ്യമാണ് രാഹുൽ ഗാന്ധിയോട് ബി.ജെപി ഉന്നയിക്കുന്നത് 

ആക്രമണത്തില്‍ രാഹുല്‍ അസ്വസ്ഥനാണെങ്കില്‍ അല്‍പേഷ് താക്കൂറിനെ ആദ്യം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി നേതാവ് സാം പ്രിതോദ ആവശ്യപ്പെട്ടു. എന്നാൽ ആക്രണത്തിന് പിന്നിൽ താക്കൂര്‍ സേനയെന്ന ബി.ജെ.പി ആരോപണം അല്‍പേശ് താക്കൂര് തള്ളി. ഛത് പൂജയ്ക്കുവേണ്ടി നാട്ടില്‍ പോകണമെന്ന് ഇതര സംസ്ഥാനക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഇവര്‍ ഗുജറാത്തില്‍ നിന്നും പോകുന്നത് - അൽപേശ് ഠാക്കൂർ വിശദീകരിക്കുന്നു. 

ഇതര സംസ്ഥാനക്കാര്‍ക്ക് ഗുജറാത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തൊഴിലില്ലായ്മയാണ് യുവാക്കൾ അസ്വസ്ഥരാകുന്നതിന് കാരണമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമർശിച്ചിരുന്നു.