വാഷിംങ്ടണ്‍: പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു. പാകിസ്താനിലെ പ്രകൃതിവാതകപദ്ധതികള്‍ക്കായി അനുവദിച്ച തുകയാണ് ലോക ബാങ്ക് റദ്ദ് ചെയ്തിരിക്കുന്നത്. പദ്ധതി ഏറ്റെടുത്ത സൂയി സതേണ്‍ കമ്പനിയില്‍ നിന്നുള്ള നിസ്സഹകരണം മൂലമാണ് ലോകബാങ്ക് വായ്പ പിന്‍വലിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രകൃതി വാതക പദ്ധതിയുടെ വികസനത്തിന് കമ്പനിയില്‍ നിന്ന് അനുകൂലമായ പ്രവര്‍ത്തനങ്ങളോ പദ്ധതി നടപ്പില്‍ വരുത്താന്‍ വേണ്ടത്ര മുന്നൊരുക്കമോ ഇല്ലാത്തതിനാലാണ് വായ്പ പിന്‍വലിക്കുകയാണെന്നാണ് ലോക ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൈപ്പ് ലൈന്‍ വഴി വാതക വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന വാണിജ്യ നഷ്ടം പരിഹരിക്കാനാണ് പാകിസ്താനിലെ കറാച്ചി, സിന്ധ്, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലയില്‍ പ്രകൃതി വാതക പദ്ധതി നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്.

ഏകദേശം 20 കോടി ഡോളറാണ് പദ്ധതിയുടെ ചിലവായി വകയിരിത്തിയിരുന്നത്. ഇതിന്‍റെ പകുതിയോളം ലോകബാങ്ക് വായ്പയായി നല്‍കാമെന്ന് ഏറ്റിരുന്നു. ആദ്യ ഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയൊരു ശതമാനം തുക ബാങ്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാവാതായതോടെയാണ് വായ്പ പിന്‍വലിക്കുന്നതെന്നാണ് ലോകബാങ്ക് അറിയിച്ചിരിക്കുന്നത്.