ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് ട്വിറ്ററിലൂടെ സ്ഥലം മാറ്റം ആവശ്യപ്പെട്ട ടെക്കിക്ക് മന്ത്രിയുടെ മറുപടി. പൂനെയില്‍ ഐടി മേഖലയില്‍ ജോലിയില്‍ ചെയ്യുന്ന സ്മിത് രാജ് എന്ന ടെക്കിയാണ് ട്വിറ്ററിലൂടെ സുഷമയോട് ഭാര്യയുടെ ജോലി സ്ഥലത്തേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്. റെയില്‍വെ ജീവനക്കാരിയായ തന്റെ ഭാര്യ ഒരുവര്‍ഷമായി ഝാന്‍സിയിലാണ് ജോലി നോക്കുന്നതെന്നും ഈ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ സഹായിക്കുമോ എന്നുമായിരുന്നു സുഷമയോട് ട്വിറ്ററിലൂടെ ടെക്കി ചോദിച്ചത്.
എന്നാല്‍, നിങ്ങളോ നിങ്ങളുടെ ഭാര്യയോ എന്റെ വകുപ്പിലാണ് ജോലി നോക്കുന്നതങ്കില്‍ ട്വിറ്ററിലൂടെ ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുമായിരുന്നു എന്നായിരുന്നു സുഷമയുടെ മറുപടി.
തന്റെ മറുപടിയില്‍ റെിയില്‍ മന്ത്രി സുരേഷ് പ്രഭുവിനെ സുഷമ ടാഗ് ചെയ്തു. ഇതിനെത്തുടര്‍ന്ന് സുരേഷ് പ്രഭുവും പ്രതികരണവുമായി രംഗത്തെത്തി. വിഷയം തന്റെ ശ്രദ്ധയിലെത്തിച്ചതിന് നന്ദി പറഞ്ഞ സുരേഷ് പ്രഭു ജീവനക്കാരുടെ ട്രാന്‍സ്‌ഫര്‍ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും റെയില്‍വെ ബോര്‍ഡാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.
നേരത്തെ യുഎസില്‍ ഐടി മേഖലയില്‍ ജോലി നോക്കുന്ന സഞ്ജയ് പണ്ഡിത എന്നയാള്‍ തന്റെ ഭാര്യയ്ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതുമൂലം അമേരിക്കയിലേക്ക് വരാനാകുന്നില്ലെന്നും ഈ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ സഹായാക്കുമോ എന്നും ട്വിറ്ററിലൂടെ ആരാഞ്ഞിരുന്നു. ഒറ്റപ്പെടല്‍ വൈകാതെ അവസാനിക്കും എന്ന് സുഷമ മറുപടി നല്‍കുകയും ചെയ്തു. ഇതാണ് പൂനെയിലെ ടെക്കിയെയും ട്രാന്‍സ്ഫര്‍ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാര്‍ അവരുടെ പ്രശ്നങ്ങള്‍ അവിടങ്ങളിലെ ഇന്ത്യന്‍ എംബസിയ്ക്ക് ട്വീറ്റ് ചെയ്യണമെന്നും സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്.
