ഭാഗ്യവശാല്‍ നമ്മള്‍ ഇന്നും ഒരു ജനാധിപത്യ രാജ്യമാണ്. നിയമത്തില്‍ വിശ്വസിക്കുന്നുമുണ്ട്. അത് കൊണ്ട് തെരുവിലല്ല മോദിക്കെതിരെയുള്ള ശിക്ഷ നടപ്പാക്കേണ്ടത്, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലാണെന്നും സിന്‍ഹ പറഞ്ഞു

ദില്ലി: നോട്ട് നിരേധനം പരാജയമാണെന്ന് തെളിഞ്ഞാല്‍ തനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും നല്‍കൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ ബിജെപി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. തനിക്ക് 50 ദിവസം നല്‍കൂ.

പരാജയപ്പെട്ടാല്‍ ഞാന്‍ പൊതുസമൂഹത്തിലെത്താം. ജനങ്ങള്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും വിധിക്കാമെന്നായിരുന്നു നോട്ട് നിരോധന കാലത്ത് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇപ്പോള്‍ മോദി പറഞ്ഞ ലക്ഷ്യങ്ങള്‍ നോട്ട് നിരോധനം കൊണ്ട് സാധ്യമായില്ലെന്ന് തെളിഞ്ഞതോടെയാണ് യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

ഭാഗ്യവശാല്‍ നമ്മള്‍ ഇന്നും ഒരു ജനാധിപത്യ രാജ്യമാണ്. നിയമത്തില്‍ വിശ്വസിക്കുന്നുമുണ്ട്. അത് കൊണ്ട് തെരുവിലല്ല മോദിക്കെതിരെയുള്ള ശിക്ഷ നടപ്പാക്കേണ്ടത്, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലാണെന്നും സിന്‍ഹ പറഞ്ഞു. കള്ളപ്പണവും തീവ്രവാദവും അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നാണ് നോട്ട് നിരോധിച്ച 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍, രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെയും നികുതി വ്യവസ്ഥയെയും നോട്ട് നിരോധനം എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മോദി ഒന്നും പറഞ്ഞില്ല. അഴിമതിയെന്നും തീവ്രവാദവുമെന്നുമൊക്കെ പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയെല്ലാം പറഞ്ഞിട്ട് രാജ്യത്തെ ജനങ്ങള്‍ കൃത്യമായി നികുതി നല്‍കാന്‍ കൂടിയാണ് നോട്ട് നിരോധനമെന്ന് ധനമന്ത്രി ഇപ്പോള്‍ പറയുന്നു. ഇതില്‍ കൂടുതല്‍ അപഹാസ്യമായി എന്തുണ്ടെന്നും എന്‍ഡിടിവിക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ സിന്‍ഹ ആഞ്ഞടിച്ചു.

നോട്ട് നിരോധനം മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടി ഇനിയും അനുഭവിക്കാനിരിക്കുന്നേയുള്ളുവെന്നും അദ്ദേഹം പറയുന്നു. കള്ളപ്പണത്തെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ നോട്ട് നിരോധനത്തിന് ശേഷം അസാധുവാക്കിയ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളില്‍ 99.30 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയെന്ന് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

15.30 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ്വ് ബാങ്ക് വിശദമാക്കുന്നത്. നോട്ട് അസാധുവാക്കിയപ്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. അസാധുവായ നോട്ടുകള്‍ തിരികെ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്.

എന്നാല്‍, റിസര്‍വ്വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ ബഹു ഭൂരിപക്ഷം ആളുകളും നോട്ട് നിരോധനം എന്തിനെന്ന ചോദ്യം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്.