ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; യാസ്മിന്‍ ഷഹീദിന് ഏഴുവര്‍ഷം കഠിന തടവ്

First Published 24, Mar 2018, 11:31 AM IST
yasmin muhammed shaheed sentenced to 7 year in prison
Highlights
  • യാസ്മിന്‍ ഷഹീദിന് ഏഴുവര്‍ഷം തടവ്

കൊച്ചി: മലയാളികളെ ഐഎസില്‍ ചേര്‍ക്കാന്‍ വിദേശത്തേയ്ക്ക് കടത്തിയ കേസില്‍ യാസ്മിന്‍ മുഹമ്മദ് ഷഹീദിനെ ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കാസര്‍ഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 15 പേരെ കടത്തിയെന്നായിരുന്നു കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസിലാണ് കൊച്ചി എന്‍ഐഎ കോടതി വിധി പറഞ്ഞത്. ഏഴ് വര്‍ഷം കഠിന തടവിന് പുറമെ 25000 രൂപ പിഴയും വിധിച്ചു. 

ഇന്ത്യയുമായി സൗഹൃതത്തിലുള്ള രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ വ്യക്തമാക്കുന്നത്. യാസിനും ഒന്നാം പ്രതിയായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. റാഷിദ് ഇപ്പോഴും അഫ്ഖാനിസ്ഥാനില്‍ ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. 

50 സാക്ഷികളെയാണ് കേസില്‍ എന്‍ഐഎ ഹാജരാക്കിയത്. ഒപ്പം 50 ഓളം തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. 2016 ല്‍ ആണ് കാസര്‍ഗോഡ് നിന്ന് മലയാളികളെ ഐഎസ്എലിലേക്ക് ചേര്‍ക്കാന്‍ ശ്രമം നടത്തിയെന്ന പേരില്‍ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് റെജിസ്റ്റര്‍ ചെയ്തിത്. യാസ്മിനെയും മകനെയും ദില്ലിയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. 
  

loader