പിഴവുകള്‍ തീര്‍ത്ത് ഹരിവരാസനം വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്
എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു.
കീർത്തനത്തിലെ സ്വാമി എന്ന പദം ഒഴിവാക്കിയും അരിവി മർദനം എന്ന പദം അരുവി മർദനം എന്ന നിലയിലുമാണ് ആലാപനത്തിന്റെ ട്യൂണിനു വേണ്ടി പാടിയതെന്നും പത്മകുമാർ പറഞ്ഞു. കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് എ പത്മകുമാര്‍ പറഞ്ഞു.
ഇതു യാഥാർഥ്യമായാൽ പഴയ പാട്ട് മാറ്റി സംശുദ്ധമായ കീർത്തനം തന്നെ ശബരിമലയിൽ പ്രാബല്യത്തിലാക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. മെരിലാന്ഡി സുബ്രഹ്മണ്യം 1975 ല്‍ നിര്‍മിച്ച സ്വാമി അയ്യപ്പന് എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്. കീര്ത്തനത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ശബരിമലയില്‍ നടയടയ്ക്കുമ്പോള്‍ ഉറക്കുപാട്ടായി ഉള്‍പ്പെടുത്തുകയായിരുന്നു.