ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിലെത്തും. രണ്ട് യോഗങ്ങളിൽ ആദിത്യനാഥ് പങ്കെടുക്കും.
പത്തനംതിട്ട: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്. യോഗിക്ക് പിന്നാലെ കൂടുതൽ കേന്ദ്ര മന്ത്രിമാരും ജില്ലയിൽ എത്തും. ശബരിമല വിഷയത്തിലുൾപ്പെടെ സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ ആദിത്യനാഥ് പങ്കെടുക്കും. നാല് ലോക്സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം സംബന്ധിക്കുക. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും.
തെക്കൻകേരളത്തിൽ തിരുവന്തപുരത്തിനൊപ്പം ബിജെപി ഏറ്റവും പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തിൽ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു എന്നതും നിരവധി പേർ സമരങ്ങളെ തുടർന്ന് അറസ്റ്റിലായതുമെല്ലാം പാർട്ടിക്ക് ഗുണകരമായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ തന്നെ ക്ലസ്റ്റർ ശക്തികേന്ദ്ര ഇൻചാർജുമാരുടെയും, പേജ് പ്രമുഖന്മാരുടെയും യോഗത്തിൽ എത്തിക്കുന്നത്. അഞ്ച് ബൂത്തുകളുടെ ചുമതല വഹിക്കുന്ന ആളാണ് ശക്തികേന്ദ്ര ഇൻചാർജ്.
നാല് മണ്ഡലങ്ങളിലെ 1200 പേരടങ്ങുന്ന തിരുവനന്തപുരം ക്ലസ്റ്റർ യോഗത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദ്യം പങ്കെടുക്കുക. തുടർന്നാണ് സ്റ്റേഡിയത്തിൽ പേജ് പ്രമുഖ്മാരുടെ യോഗം. വോട്ടർപട്ടികയിലെ പേജ് നോക്കി പ്രവർത്തിക്കേണ്ടവരുടെ കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ് പേജ് പ്രമുഖ്. കേരളത്തിൽ ആദ്യമായാണ് ഈ രീതിയിൽ ഗൃഹസമ്പർക്കത്തിന് പാർട്ടി ശ്രമം തുടങ്ങിയിട്ടുള്ളത്.25000 പേർ പേജ് പ്രമുഖുമാരുടെ യോഗത്തിൽ പങ്കെടുക്കും. 5 ക്ലസ്റ്റർ ആയി ആണ് കേരളത്തിലെ മണ്ഡലങ്ങളെ തിരിച്ചിരിക്കുന്നത്. യോഗിക്ക് പിന്നാലെ കൂടുതൽ കേന്ദ്ര മന്ത്രിമാരും ജില്ലയിൽ എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിയായ എം ടി രമേശിന് നേടാൻ പത്തനംതിട്ടയിൽ കഴിഞ്ഞിരുന്നു.

