കൊച്ചി: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കടത്തിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ കുറ്റിക്കാട്ട് വിഷ്ണു (23) ആണ് അറസ്റ്റിലായത്. ആറുമാസം മുൻപാണ് ഇയാൾ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ ഫോണിലും മറ്റും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കുട്ടിയെ അമ്മ സ്കൂളിൽ കൊണ്ടുചെന്നാക്കി മടങ്ങിയതിനു പിന്നാലെ അവിടെയെത്തിയ വിഷ്ണു പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
ഇതു സമീപത്തുണ്ടായിരുന്ന മറ്റൊരു രക്ഷാകർത്താവ് കാണുകയും ഉടൻ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. അവർ പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിർദേശപ്രകാരം റൂറൽ എസ്പി എ.വി. ജോർജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
ഞാറയ്ക്കൽ സിഐ എ.എ. അഷറഫിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആർ. രഗീഷ്കുമാർ, സംഗീത് ജോബ്, സിപിഒ മാരായ എം.ആർ. രാജേഷ്, പ്രവീൺദാസ്, വിജയ്, വിപിൻ എന്നിവരടങ്ങിയ സംഘമാണു സൈബർ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
