ഹൈദരാബാദ്: ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തിയും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തന്റെ ലൈംഗികാവശ്യങ്ങള്‍ യുവതി നിഷേധിച്ചതോടെയാണ് ഇയാള്‍ മെസ്സേജുകളിലൂടെയും സുഹൃത്തുക്കളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും യുവതിയെ അതിക്ഷേപിക്കാന്‍ ശ്രമം നടത്തിയത്. 

ഫെബ്രുവരി 18നാണ് സംഭവത്തില്‍ യുവതി ലംഗാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിഭാഷകന്‍ കൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിര്‍സ മൗസം ബൈഗിനെതിരെയാണ് 33 കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. അയാളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ മോശം സന്ദേശങ്ങള്‍ അയച്ചും മറ്റും സ്വകാര്യ ജീവിത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ് പരാതി. 

ലൈംഗികമായി ബന്ധപ്പെടണമെന്ന ആവശ്യം യുവതി തള്ളിയതാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. ഇതോടെ യുവതിയുടെ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും വരെ യുവതിയെ കുറിച്ച് മോശം സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.